Friday, December 15, 2006

ഏകാന്തതയുടെ കാമുകി

ഏകാന്തതയുടെ കാമുകി

നിന്റെ സന്തോഷം പങ്കുവയ്ക്കൂ.. അത്‌ ഇരട്ടിയാകും. സന്തോഷം മാത്രം പങ്കു വയ്ക്കൂ.. ഏകാന്തതയില്‍ ഒരു കൂട്ടു മോഹിച്ച്‌ ഏകാന്തതയുടെ മനോഹാര്യത നശിപ്പിക്കാതിരിയ്ക്കൂ.. അതിന്റെ ലാസ്യ ഭാവത്തില്‍ ഇഴുകിച്ചേരൂ... എന്റെ മനസ്സ്‌ എന്നോടിത്‌ പറയാന്‍ തുടങ്ങി കാലമേറെയായി. സൗഹൃദങ്ങള്‍ ചാപല്യമാകുമ്പോള്‍, ആത്മാര്‍ഥത മനസ്സില്‍ നിറയുമ്പോള്‍, നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങള്‍ ഒരു വിങ്ങലായി മനസ്സില്‍..

അവസാന സുഹൃത്തും, "ഞാന്‍ നിന്നെ സ്നേഹിച്ചു പോകും.." എന്ന് പറഞ്ഞ്‌ പിരിയുമ്പൊള്‍, ഏകാന്തതയെ ഞാന്‍ വീണ്ടും കൂട്ടുവിളിക്കുന്നു.. ഒരിക്കലും എന്നെ വിട്ട്‌ പിരിയാത്ത എന്റെ ആത്മാര്‍ഥ സുഹൃത്തായി..

എന്നെ ഏകാന്തതയുടെ കാമുകിയാക്കി, എന്റെ ജീവിതപങ്കാളിയും അകലങ്ങളിലിരുന്ന് എന്നെ നോക്കി ചിരിക്കുന്നു..

***

Wednesday, December 13, 2006

മച്ചു

“മച്ചു“

ബിരുദാനന്തര ബിരുദ പഠനത്തിനിടെ, വിരസത മാറ്റാന്‍ സുഹൃത്തുക്കളെ അവരുടെ ഹോസ്റ്റലില്‍ പോയി സന്ദര്‍ശ്ശിക്കല്‍ ഞാന്‍ ശീലമാക്കിയിരുന്നു. [പിന്നീട്‌ ഞാനും ആ ഹോസ്റ്റലില്‍ ഒരു അന്തേവാസി ആയി. മുഴുവന്‍ സമയ ഉല്ലാസം.:-)]

അതുവരെ തൃശ്ശൂര്‍ക്കാരെ മാത്രം കാണുകയും, തൃശ്ശൂര്‍ ഭാഷ മാത്രം കേള്‍ക്കുകയും പറയുകയും ചെയ്തിരുന്ന എനിക്ക്‌; ഹിന്ദി, ആംഗലേയം, പലവിധ മലയാളം എന്നീ ഭാഷകള്‍ സംസാരിക്കുന്നവരുമായി അടുത്തിടപഴകേണ്ട അവസരങ്ങള്‍ ഇവിടെ ഉണ്ടായി. എന്റെ പുതിയ കൂട്ടുകാരികള്‍ക്ക്‌ എന്റെ മലയാളം മനസ്സിലാവാന്‍ അല്‍പസ്വല്‍പ്പം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഞാന്‍ വളരെ ഗൗരവത്തോടെ പറയുന്ന പലതും തമാശയായി രൂപാന്തരപ്പെടുകയും അങ്ങനെ ഞാന്‍ ഒരു തമാശക്കാരി ആവുകയും ചെയ്തു. (ഞാന്‍ തമാശയായി ചെയ്തതും പറഞ്ഞതും പലപ്പൊഴും ശണ്ഠയില്‍ അവസാനിച്ചിട്ടും ഉണ്ട്‌.)

തൃശ്ശൂര്‍ ഭാഷയിലെ "മച്ചൂ" എന്ന വിളി എന്റെ നാവില്‍ തങ്ങി നിന്നിരുന്നു. എല്ലാ മലയാളി സുഹൃത്തുക്കളേയും, ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ, "മച്ചൂ" എന്നാണ്‌ ഞാന്‍ വിളിച്ചിരുന്നത്‌. എന്റെ സഹപാഠി ആയ (പിന്നീട്‌ സഹമുറിയത്തി ആയ) ലക്ഷ്മിയെ കാണാന്‍ ഒരു ദിവസം ഞാന്‍ ഹോസ്റ്റലില്‍ പോയി. "ലച്ചൂ" എന്നാണ്‌ അവളെ എല്ലാവരും വിളിക്കാറുള്ളത്‌. എല്ലാവരേയും വിളിക്കുന്ന പോലെ, അവളെയും ഞാന്‍ "മച്ചൂ" എന്നു സംബോധന ചെയ്ത്‌ സംസാരിച്ചു തുടങ്ങി. അവളുടെ മുഖം മങ്ങി. തീരെ താല്‍പര്യം ഇല്ലാത്ത വിധത്തില്‍ അവള്‍ സംസാരിച്ചു. അല്‍പ്പസമയത്തിനു ശേഷം, ദുഖം നിറഞ്ഞ ശബ്ദത്തോടെ അവള്‍ എന്നോട്‌ ഇങ്ങനെ ചോദിച്ചു.

'നീ എന്നെ "മച്ചൂ" എന്ന് വിളിച്ചില്ലേ? അതിന്റെ അര്‍ഥം "മന്ദബുദ്ധി ലച്ചൂ" എന്നല്ലേ?'

അവള്‍ക്ക്‌ ഒരു 'മന്ദബുദ്ധി' പരിവേഷം അവിടെ ഉണ്ടെന്ന വിവരം ഞാന്‍ അപ്പോഴാണ്‌ മനസ്സിലാക്കിയത്‌. ഇത്രയും ബുദ്ധിപരമായി ചിന്തിച്ച്‌ 'മച്ചൂ' എന്നതിന്‌ ഇത്തരത്തില്‍ ഒരു പൂര്‍ണ്ണരൂപം കണ്ടുപിടിച്ച ഇവളെ, ആരെടാ 'മന്ദബുദ്ധീ' എന്ന് പറയുന്നത്‌ എന്ന് ചിന്തിച്ച്‌ 'വാ' അടക്കാന്‍ ആവാതെ ഞാന്‍ അവിടെ ഇരുന്നു.

പിന്നീട്‌ എനിക്ക്‌ ആരെയും "മച്ചൂ" എന്ന് വിളിക്കെണ്ടി വന്നിട്ടില്ല. അതു അവളുടെ മാത്രം പേരാവാന്‍ അധിക സമയവും വേണ്ടി വന്നില്ല.