Thursday, April 26, 2012

ഒരു മുഖം മൂടി തരാനുണ്ടോ?

ഒരു മുഖം മൂടി തരാനുണ്ടോ?


അസ്വസ്തമായ മനസ്സ്‌. ഇതൊക്കെ ഒന്നിറക്കി വയ്ക്കാന്‍ ആരുണ്ട്‌ കൂട്ടത്തില്‍? മനസ്സ്‌ തുറന്നിട്ടപ്പോഴൊക്കെ കടന്ന് വന്നവര്‍ക്ക്‌ മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു. ചിരിയ്ക്കുന്ന മുഖത്തിനു പിന്നിലെ വികൃതമായ മനസ്സ്‌. ആശ്വാസത്തിനായി ചെന്നിടത്തൊക്കെ ഈ വൈകൃതം ഞാന്‍ കൊണ്ടറിഞ്ഞു. സത്യത്തിനു മുന്നില്‍ മുഖം തിരിയ്ക്കുന്നവര്‍ എത്ര ഭേദം!


ഈ ലോകത്ത്‌ എനിയ്ക്കും ഒരു മുഖം മൂടി വേണം. ആരും സ്വന്തമായുള്ളത്‌ ഊരിത്തരാന്‍ തയ്യാറല്ലാത്തതുകൊണ്ട്‌, ഞാന്‍ പണിപ്പുരയിലേയ്ക്ക്‌. ഒരു മുഖം മൂടി സ്വന്തമായി സൃഷ്ടിക്കാനായി.

കൂട്ടുകാരന്‍

കൂട്ടുകാരന്‍

 വിമല കോളേജിലെ ആദ്യ ദിവസങ്ങളില്‍ ഒന്ന്. സ്വയം പരിചയപ്പെടുത്തല്‍ നടന്നുകോണ്ടിരിയ്ക്കുന്നു. എണ്റ്റെ നാടിനെ കുറിച്ച്‌ കേട്ടപ്പോള്‍ ഒരു കൂട്ടുകാരി ഓടി വന്നു. അവളുടെ ബാല്യം എണ്റ്റെ ഗ്രാമത്തിലത്രെ!

ജയപ്രഭ. അതാണ്‌ അവളുടെ പേര്‌. അവള്‍ക്ക്‌ ആരെയും വ്യക്തമായി ഓര്‍മയില്ല. അവളുടെ അമ്മ പറഞ്ഞറിഞ്ഞ അറിവേ അവള്‍ക്കുള്ളു. കമലവേണി ടീച്ചര്‍, ആമ്പലംകാവ്‌, അങ്ങനെ കുറച്ച്‌ അവ്യക്തമായ ഓര്‍മകള്‍. ഞാന്‍ ഓര്‍ത്ത്‌ നോക്കി. എനിക്ക്‌ ഒരു ആശയെ ഓര്‍മയുണ്ട്‌. ഒരു ജയനെ ഓര്‍മയുണ്ട്‌. അവരെ അവള്‍ക്കറിയില്ല. അവള്‍ അമ്മയോട്‌ ചോദിച്ച്‌ വരാമെന്ന് പറഞ്ഞു.

ജയന്‍. അവന്‍ എണ്റ്റെ ആ കാലത്തെ ഓര്‍മകളിലെ ഒരേ ഒരു കൂട്ടുകാരന്‍. അവന്‍ എണ്റ്റെ വീട്ടില്‍ വരാറുണ്ട്‌. എണ്റ്റെ ആട്ടിന്‍ കുട്ടികളെ തൊടാന്‍ അവന്‌ വലിയ ഇഷ്ടമായിരുന്നു. അവള്‍ പറഞ്ഞ വാടക വീട്‌, അത്‌ ജയണ്റ്റെ തന്നെ. പക്ഷെ ആ പേരില്‍ ഓരാളെ അവള്‍ക്കറിയില്ല. അവള്‍ പോയതിന്‌ ശേഷം വന്നവനായിരിയ്ക്കും ജയന്‍.

അന്നത്തെ അംഗന്‍ വാടിയില്‍ എടുത്ത ഒരു ഫോട്ടോ എണ്റ്റെ കയ്യില്‍ ഉണ്ടായിരുന്നു. അതു ഞാന്‍ അവളെ കാണിച്ചു. പഴയ ഫോട്ടോസ്‌ എല്ലാം അവള്‍ക്ക്‌ നഷ്ടപ്പെട്ടതുകൊണ്ട്‌, അതിലെ ആരെയും അവള്‍ക്ക്‌ മനസ്സിലായില്ല. അവള്‍ അത്‌ അമ്മയെ കാണിച്ചു. അവളുടെ ഏട്ടനെയും. ജയനെയും കമലവേണി ടീച്ചറെയും അമ്മ തിരിച്ചറിഞ്ഞു. അത്‌ എണ്റ്റെ ജയന്‍ തന്നെ. അവളുടെ ഏട്ടന്‍. എണ്റ്റെ കൂടെ ആ ഫോട്ടോയില്‍ നിന്നിരുന്ന ൪ ആണ്‍കുട്ടികളെയും അവന്‍ തിരിച്ചറിഞ്ഞു. ഞാന്‍ മാത്രം അവണ്റ്റെ ഓര്‍മകളില്‍ എവിടെയും ഉണ്ടായിരുന്നില്ല.

Tuesday, April 24, 2012

സംതുലനം

സംതുലനം.

"ഇതൊക്കെ ഞാനെന്നും ഓര്‍മ്മിപ്പിക്കണോ? ഓര്‍ത്ത്‌ ചെയ്താലെന്താ? വെള്ളമടിച്ചവരുടെ പോലെയാണ്‌ നടക്കുന്നത്‌. ഒരു ഓര്‍മയുമില്ല. "

ഈ ആക്രോശം കേട്ടാണ്‌ ഞാന്‍ ചിന്തയില്‍ നിന്ന് ഉണര്‍ന്നത്‌. ശരിയായിരിക്കുമോ? ഞാനിപ്പോ തീരെ ബോധമില്ലാതെയാണോ പെരുമാറുന്നത്‌? ചിന്തകള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ട്‌. എണ്റ്റെ മനസ്സിണ്റ്റെ താളം തെറ്റിത്തുടങ്ങിയോ?

ഒരു വിഷു.

ഒരു വിഷു.

ഇന്ന് വിഷു. വര്‍ഷാരംഭം എന്നൊക്കെയാണ്‌ കഥ. എനിക്കിന്ന് ചമ്മലുകളുടെയും അബദ്ധങ്ങളുടെയും ദിനമായിരുന്നു.


നാട്ടുകാരന്‍ ഒരാള്‍ എന്നെ ആശംസിക്കാന്‍ വിളിച്ചു. ആദ്യം ഞാന്‍ ആണ്‌ ആശംസിച്ചത്‌. "എണ്റ്റെ ചിലവില്‍ എന്നെത്തന്നെ ആശംസിക്കുന്നോ? തൊലിക്കട്ടി നല്ലപോലെ ഉണ്ടായിട്ടും ഒന്ന് ചമ്മി. പിന്നെ പിടിച്ച്‌ നില്‍ക്കാനായി പറഞ്ഞു. "അതാണുറുമീസ്‌"


ഒരു സുഹൃത്തിനെ പല തവണ വിളിച്ചിട്ടും ഫോണ്‍ ഓഫ്‌ ആണെന്ന സന്ദേശമാണ്‌ കിട്ടിയത്‌. വിളിച്ചിരുന്ന നമ്പര്‍ തെറ്റായിരുന്നു എന്നറിഞ്ഞത്‌ പിറ്റേന്നായിരുന്നു. ഇനി വിഷു അടുത്ത വര്‍ഷമല്ലേ ഉള്ളു?


അയല്‍പ്പക്കമായ കൃസ്ത്യാനി കുടുംബത്തിലെ എണ്റ്റെ കൂട്ടുകാരി മോളെയും കൂട്ടി വന്നു. അപ്പോഴെക്കും കണി വച്ചതൊക്കെ ഞാന്‍ എടുത്ത്‌ മാറ്റിയിരുന്നു. അവള്‍ അതോക്കെ കാണാനും ആശംസിക്കാനുമൊക്കെയാണ്‌ വന്നതെന്ന് അവള്‍ ഫോണിലൂടെ ഭര്‍ത്താവിനോട്‌ പറയുന്നത്‌ കേട്ടാണ്‌ എനിക്ക്‌ മനസ്സിലായത്‌. പോരാതതിന്‌ അദ്ദേഹത്തിണ്റ്റെ ഒരു ആശംസയും. " നിങ്ങളൊക്കെയാണ്‌ വിളിക്കേണ്ടത്‌. നിങ്ങളോ ചെയ്യുന്നില്ല. ഞങ്ങളെങ്കിലും ആശംസിക്കണ്ടേ? "ഹാപ്പി വിഷു " . ഞാന്‍ ആയുധം വച്ച്‌ കീഴടങ്ങിയിരിക്കുന്നു. ഒന്നും പറയാനില്ല.


ഒരു കാര്യവുമില്ലാതെ പ്രാണനാഥണ്റ്റെ ഒരു ബന്ധുവിനെ വിളിച്ചു. "വിഷു ആശംസകള്‍". ഞാന്‍ കൂവപ്പായസമാണ്‌ ഉണ്ടാക്കുന്നതെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹം അങ്ങനെ ഒരു പായസത്തെ പറ്റി കേട്ടിട്ടുപോലും ഇല്ല. പോരാത്തതിന്‌ ഒരു വാചകവും. "തിരുവാതിരക്ക്‌ 'പെണ്ണങ്ങള്‍' ഉണ്ടാക്കിത്തിന്നുന്ന സാധനമല്ലേ?" സന്തോഷമായി. വീണ്ടും ഫോണ്‍ ചെയ്യാന്‍ ഇതിലും നല്ലോരു പ്രോത്സാഹനം എനിക്ക്‌ കിട്ടാനില്ല. സമാധാനമായി. മേലാല്‍ നല്ല ദിവസങ്ങളിലെങ്കിലും ഇമ്മാതിരി സ്വഭാവമുള്ള ഗഡികളെ വിളിക്കുന്ന പ്രശ്നമില്ല.


ഈ വര്‍ഷം എന്താകുമോ എന്തൊ!!!

മിഥ്യ

മിഥ്യ.

നമ്മള്‍ വിചാരിക്കുന്ന പോലെ ആണോ നമ്മുടെ സ്വഭാവം? ഓരോരുത്തര്‍ക്കും നമ്മളെപ്പറ്റി വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളാണ്‌. ചിലരൊക്കെ അന്ധന്‍മാര്‍ ആനയെ അറിഞ്ഞത്‌ പോലെ ആയിരിയ്ക്കും നമ്മളെ മനസ്സിലാക്കിയിരിയ്ക്കുന്നത്‌. ഇതു പോലെ തന്നെ ആയിരിയ്ക്കും നമ്മള്‍ മറ്റുള്ളവരേയും മനസ്സിലാക്കിയിരിയ്ക്കുക.

വര്‍ഷങ്ങളായുള്ള ജീവിതപങ്കാളിയെക്കൂടെ മനസ്സിലാകാത്തവര്‍ ധാരാളം ഉണ്ട്‌. ഒരു മനുഷ്യനെ പൂര്‍ണ്ണമായും മനസ്സിലാക്കുക അസാധ്യം. പരീക്ഷ കേന്ദ്രീകരിച്ച്‌ പഠിയ്ക്കുന്ന പോലെ നമുക്കാവശ്യമുള്ള അല്ലെങ്കില്‍ നമ്മളെ ബാധിയ്ക്കുന്ന സ്വഭാവവിശേഷങ്ങള്‍ മനസ്സിലാക്കാനാണ്‌ നമ്മള്‍ ശ്രമിയ്ക്കാറ്‌. ഒരാളെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ നമ്മള്‍ എന്തിന്‌ ശ്രമിയ്ക്കണം? അതും ഒരു ചോദ്യമാണ്‌. എന്തെങ്കിലും കാര്യമില്ലാതെ നമ്മളില്‍ ആരെങ്കിലും ഒരാളോട്‌ അടുക്കുമോ? ഭാവിയിലെങ്കിലും ഒരുപകാരം നമ്മള്‍ പ്രതീക്ഷിയ്ക്കുന്നുണ്ടാകും. അല്ലേ?

ഞാന്‍ ഒരാളെ പറ്റി കേട്ടു. അറിയണമെന്ന്‌ തോന്നി. ശ്രമിച്ചു. ആദ്യമൊക്കെ അദ്ദേഹം എന്തോ ഒരു "സംഭവം" ആണെന്നാണ്‌ എനിക്ക്‌ തോന്നിയത്‌. പക്വത, അറിവ്‌, അങ്ങനെ പലതും എന്നെ ആകര്‍ഷിച്ചു. ഞാന്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. പുതുതായി പരിചയപ്പെട്ട ഒരാള്‍ക്ക്‌ മുന്നില്‍ തുറന്ന്‌ കാണിക്കാനുള്ളതാണോ തനിനിറം? അദ്ദേഹം അകന്ന്‌ പോയിക്കോണ്ടിരുന്നു. 'ചെയ്യരുത്‌' എന്ന്‌ പറഞ്ഞത്‌ ചെയ്യാന്‍ നമുക്കെല്ലാം ഒരു പ്രത്യേക താല്‍പ്പര്യവും ഇഷ്ടവും ആണല്ലോ? ഞാനും അങ്ങിനെ തന്നെ. വലിച്ചടുപ്പിച്ചു. ഒന്നും നഷ്ടപ്പെടുത്താതെ തന്നെ. കൂടുതല്‍ അറിഞ്ഞപ്പോള്‍ മനസ്സിലായി. അദ്ദേഹവും ഒരു സാധാരണ മനുഷ്യണ്റ്റെ വികാരവിചാരങ്ങളെല്ലാം ഉള്ള ഒരാളാണെന്ന്‌.

"ഞാന്‍ വ്യത്യസ്ഥയാണ്‌." ഈ ധാരണയും കൊണ്ട്‌ ഞാനും കുറെ കാലം നടന്നതാണ്‌. ഒക്കെ ഒരു തോന്നലാണ്‌. മിഥ്യാ ധാരണ.