Thursday, November 21, 2013

മട്ടണ്‍ കറി.....

മട്ടണ്‍ കറി.....  

 ഒരു ദിവസം കെട്ട്യോന്‌ ഒരു ആഗ്രഹം.   മട്ടണ്‍ കറി ഒന്നൂടെ വയ്ക്കണം.   അതും നേന്ത്രക്കായ ഇട്ട്‌.    ആഗ്രഹിച്ച അന്നു തന്നെ മട്ടണ്‍ വാങ്ങി.    നേന്ത്രക്കായ ഇന്നലെ കൊണ്ടു വന്നു തന്നു.         കായ അധികം വച്ചാല്‍ പഴുക്കും.       പിന്നെ കറിക്ക്‌ മധുരം എന്നു പറഞ്ഞ്‌ എന്നെക്കൊണ്ട്‌ മുഴുവനും തീറ്റിക്കും.         അതുകൊണ്ട്‌ സാധാരണ പരീക്ഷണങ്ങള്‍ക്കായി നീക്കിവെക്കാറുള്ള വെള്ളിയാഴ്ച്ച കാത്തു നില്‍ക്കാതെ ഇന്ന് തന്നെ കറി ഉണ്ടാക്കിയേക്കാം എന്നായി ഞാന്‍.          

 പതിവുപോലെ, മുന്‍പ്‌ വച്ചത്‌ എങ്ങി നെ ആയിരുന്നെന്ന് ഞാന്‍ മറന്ന് പോയി.    ഗൂഗിളോ രക്ഷതു.    ഒരു പാചകക്കുറിപ്പ്‌ മോഷ്ടിച്ച്‌ പരീക്ഷണം തുടങ്ങിയപ്പോഴേക്കും മോള്‍ കരച്ചില്‍ ബഹളം.   നല്ല ചുമയും ജലദോഷവും.   കിടത്തിയാല്‍ അപ്പൊ കരയും.   മൂക്കടഞ്ഞിട്ടാണ്‌.   അങ്ങനെ ഉച്ചയായിട്ടും മോള്‍ടെ പരിഭവങ്ങള്‍ തീര്‍ന്നില്ല.   കെട്ട്യോനെ വിളിച്ചു.    നേരത്തെ വന്നാല്‍ ഉച്ചക്ക്‌ വല്ലതും കഴിക്കാം.    വൈകിയാല്‍ ഊണ്‌ അത്രേം വൈകും.    മോള്‍ കരയുന്നെന്ന് കേട്ടപ്പോള്‍ കെട്ട്യോന്‍ എത്തി.    മോളെ അങ്ങോട്ട്‌ ഏല്‍പ്പിച്ച്‌ ഞാന്‍ അടുക്കളയില്‍ യുദ്ധം തുടങ്ങി.  

കുറിപ്പ്‌ നോക്കി എടുപിടി എന്ന് മട്ടണ്‍ കറി റെഡി.     കാണിച്ച്‌ കൊതിപ്പിക്കാന്‍ കെട്ട്യോനെ വിളിച്ചു.   പ്രതീക്ഷയോടെ കെട്ട്യോന്‍ പാത്രത്തിലേയ്ക്ക്‌ നോക്കി.   എന്നിട്ട്‌ ചോദിച്ചു.   "കായ എവിടെ?" !!!!........ എണ്റ്റെ ഉള്ളൊന്ന് കിടുങ്ങി.      തിരക്കിനിടയില്‍ കായേടെ കാര്യം ഞാന്‍ മറന്നു.     കായ പഴുത്ത്‌ പോകുന്നതിന്‌ മുന്‍പേ വെക്കാന്‍ ആണ്‌ ഇന്ന് തന്നെ തിരക്കിട്ട്‌ ഇതുണ്ടാക്കിയത്‌..    ഹ്ം..    

പെട്ടെന്ന് തന്നെ ഒരു കുക്കര്‍ എടുത്ത്‌ കായ വേവിച്ച്‌ കൂട്ടാനില്‍ ചേര്‍ത്തു.    ഗ്രേവി നന്നായിട്ടുണ്ട്‌ എന്ന് ഒരു സാക്ഷ്യപത്രം കൂടെ വാങ്ങിയിട്ടാണ്‌ ഞാന്‍ ഭക്ഷണം കഴിച്ച്‌ തൃപ്തിയായി എണീറ്റത്‌.     കാത്തിരിക്കാന്‍ തയ്യാറായ കെട്യോനും ആ പാചകക്കുറിപ്പെഴുതിയവള്‍ക്കും ഒരോ ഉമ്മ.