Tuesday, April 22, 2014

പ്രവാസിക്കഥ - മൂന്ന്‌ (ഉഡായിപ്പ്സ്‌ ഓഫ്‌ ഇന്ത്യ.. )

ഉഡായിപ്പ്സ്‌ ഓഫ്‌ ഇന്ത്യ.. 


നെറ്റ്‌വര്‍ക്കിംഗ്‌ ബുക്കിലെ ബോബിനേയും ഇപ്പോഴത്തെ ശശിയേയും കണ്ടുപിടിക്കുന്നതിന്‌ മുന്‍പേ, മേനോന്‍ സാറിന്‍റെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക്‌ ഉദാഹരണമായി എടുക്കാവുന്ന ഒരു പേര്‍ "രാമന്‍ കുട്ടി" എന്നായിരുന്നു. അപ്പൊ നമ്മുടെ നായകന്‍റെ പേരും ഞാന്‍ "രാമന്‍ കുട്ടി" എന്നിടുന്നു. ആ ചേട്ടന്‍ തൃശ്ശൂരുള്ളതാ.. ശെരിക്കുള്ള പേര്‌ പറഞ്ഞാല്‍ അടി പാര്‍സല്‍ ആയിട്ട്‌ വരും. 

നമ്മുടെ രാമന്‍ കുട്ടി, കൊല്ലത്തുള്ളൊരു സുന്ദരി ചേച്ചിയെ കെട്ടി സുഖമായി അവരുടെ ചിലവില്‍ കഴിയുന്ന കാലം. അഞ്ചെട്ട്‌ കൊല്ലം മുന്‍പ്‌ കുവൈറ്റിലേക്ക്‌ ഒരു വിസ കിട്ടി. കയറിപ്പോന്നു. വീട്ടിലുള്ളവരോടും കാണുന്നവരോടും ചെയ്യുന്ന പ്രോജെക്റ്റുകളെ പറ്റിയും ചെയ്യാന്‍ പോകുന്നവയെ പറ്റിയും വാതോരാതെ സംസാരിച്ചു. 

ഇതിനിടയില്‍ ചേട്ടന്‍റെ വിസ തീര്‍ന്നു. കയ്യില്‍ കാശില്ലാതായി. നാട്ടിലേക്ക്‌ വിളിച്ച്‌ ബിസിനസ്‌ ചെയ്യാനാണെന്ന വ്യാജ്യേന ഇരുപത്തയ്യായിരം രൂപ വരുത്തി. അതും ഒരു പലിശക്കാരന്‍ ഇക്കയുടെ അക്കൌണ്ടിലേക്ക്‌. അങ്ങനെ രാമന്‍ കുട്ടി ആറു കൊല്ലത്തോളം ഭാര്യയുടെ ചിലവില്‍ കുവൈറ്റില്‍ സസുഖം വാണു. ഉഡായിപ്സ്‌ ആന്റ് ഉഡായിപ്സ്‌ കൊ. ലിമിറ്റഡ്‌. 

അങ്ങനെ ഇരിക്കെ ഒരു സുപ്രഭാതത്തില്‍ വില്ലനെപ്പോലെ കട്ടുറുംബിനെ പോലെ അവര്‍ എത്തി.. പോലീസ്‌.. നമ്മുടെ നായകന്‍ രാമന്‍ കുട്ടിയെ അവര്‍ പൊക്കിയെടുത്ത്‌ നിര്‍ദാക്ഷിണ്യം ജയിലില്‍ അടച്ചു. ഹും.. വിസ ഇല്ല പോലും വിസ. ആറു കൊല്ലത്തെ ഫൈന്‍ അടച്ചാല്‍ മാത്രമേ വിടു.. ഒരു ദിവസം രണ്ട്‌ ദിനാര്‍ വച്ച്‌ ആറു കൊല്ലത്തേക്ക്‌ ഉള്ള കാശ്‌,, പണം .. ദുട്ട്‌.. മണി.. മണി... ഒരു ഒന്‍പതര ലക്ഷം ഉറുപ്യ.. നായകനു പുല്ലു വില.. എന്‍റെ വീട്ടുകാരെ കോണ്ടാക്റ്റ്‌ ചെയ്തോളു.. അവര്‍ തരും.. 

ഭാര്യക്ക്‌ അയാള്‍ ഫോണ്‍ ചെയ്തറിയിച്ചു. വിദ്യാസമ്പന്നയായ ആ ചേച്ചി കാര്യത്തിന്‍റെ ഗൌരവം മനസ്സിലാക്കി. കുവൈറ്റില്‍ ഉള്ള ഒരു ബന്ധുവിനെ അറിയിച്ചു. അദ്ദേഹം (ശശി എന്ന്‌ പേരിടാം.) കാര്യങ്ങള്‍ ഒക്കെ പോയി അന്വേഷിച്ച്‌ വന്നു. ഇത്രേം കാശ്‌ അടക്കാന്‍ നിവൃത്തി ഇല്ലാത്ത സാഹചര്യത്തില്‍ അതൊന്ന്‌ ഒത്തുതീര്‍പ്പാക്കിത്തരാന്‍ കഴിവുള്ള ഒരാള്‍ വേണം. തന്‍റെ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍(മറ്റൊരു ശശി അഥവാ സുരേ...ഷ്‌) ഉണ്ടെന്നറിഞ്ഞ ചേച്ചി, കാര്യങ്ങള്‍ വീണ്ടും ശശിയെ ഏല്‍പ്പിച്ചു.

 ശശിയും സുരേഷും ചേര്‍ന്ന് അധികൃതരുമായി സംസാരിച്ച്‌ തുക ആയിരം ദിനാര്‍ ആക്കി ചുരുക്കി. ചേച്ചി ആ പണം നാട്ടില്‍ സുരേഷിന്‍റെ കുടുംബത്തെ ഏല്‍പ്പിക്കുകയും സുരേഷ്‌ ആ പണം നല്‍കി അയാളെ മോചിതനാക്കി നാട്ടിലേക്ക്‌ അയക്കുകയും ചെയ്തു. നാട്ടില്‍ എത്തിയ രാമന്‍ കുട്ടി ശശിയെ വിളിച്ചു. 

ശശി: "നാട്ടില്‍ എത്തി ല്ലെ? സന്തോഷായില്ല്യേ?"

രാമന്‍ കുട്ടി: "എത്തി എത്തി. ഞാന്‍ ഇപ്പൊ റസ്റ്റ്‌ എടുക്കാ. അവിടെ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത്‌ എണ്റ്റെ കുറെ സാധനങ്ങള്‍ ഉണ്ട്‌. അതൊക്കെ വിറ്റേക്കു. എന്‍റെ ഒരു കൂളിംഗ്‌ ഗ്ളാസും നാലു കൊല്ലം മുന്‍പ്‌ വാങ്ങിയ മൂന്ന് ബ്രാന്റഡ്  ഷര്‍ട്ടും ഒരു വാച്ചും ഉണ്ട്‌. അതൊക്കെ നാട്ടില്‍ എത്തിക്കണം. അപ്പുറത്തുള്ള കടയിലെ ജീവനക്കാരന്‍ എനിക്ക്‌ നൂറു ദിനാറ്‍ തരാനുണ്ട്‌. അത്‌ ചോദിച്ച്‌ വാങ്ങണം. ......... "

ശശി അന്തം വിട്ട്‌ കേട്ട്‌ നിന്നു. ഒരു നന്ദി പ്രകടനം പ്രതീക്ഷിച്ച തനിക്ക് ഇത് തന്നെ വേണം ..

രാമന്‍ കുട്ടി : "ഞാന്‍ വെറുതെ ഇരുന്നില്ല ട്ട.. വന്ന വഴിക്കു തന്നെ നമ്മുടെ മെട്രോ പ്രോജക്റ്റിന്‍റെ ഒരു കോണ്ട്രാക്റ്റിന്‌ അപേക്ഷിച്ചിട്ടൂണ്ട്‌. അത്‌ എന്തായാലും കിട്ടും. എനിക്ക്‌ വെറുതെ ഇരിക്കുക എന്നത്‌ ഇഷ്ടമേ അല്ല. നമുക്ക്‌ നമ്മുടേതായ ഒരു വ്യക്തിത്വം ഉണ്ടല്ലോ.. ....... ... "

ശശി (മനസ്സില്‍) : അവന്‍റെ !്‌$%^& പ്രോജക്റ്റ് .. !@#$%% വ്യക്തിത്വം... 


ഓള്‍ ഉഡായിപ്സ്‌ ഓഫ്‌ ഇന്ത്യ..

Sunday, April 20, 2014

കാത്തുനില്‍പ്പ്

കാത്തുനില്‍പ്പ് ...

കമന്റ്  തൊഴിലാളി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഷെബിന്‍ എന്ന സുഹൃത്ത്  ഇട്ട ബാല്യകാല കഥകളില്‍ നിന്ന്‍ പ്രചോദനം കിട്ടി എഴുതുന്നതാണ് ഈ ഓര്‍മ്മക്കുറിപ്പ്..

കൂട്ടുകാരെ എല്ലാരേം ഒരുമിച്ചു കാണാം എന്ന ഒരു കാരണം കൊണ്ട് മാത്രം പരിപാടികള്‍ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടിക്കാലം. തൊട്ടടുത്ത വീട്ടിലെ ഒരു സദ്യക്ക് ക്ഷണം കിട്ടി. ഞാന്‍ തനിച്ചാണ് പോയത്. കൂട്ടുകാരുമൊത്ത് കളിയും ബഹളവും. വീട്ടുകാര്‍ക്ക് ശല്യം ആയിക്കാണും എന്നതില്‍ യാതൊരു സംശയവും ഇല്ല.

പെട്ടെന്ന്‍  എല്ലാരേം വിളിക്കല്‍ തുടങ്ങി.. വരൂ ഊണ് കഴിക്കാം.. എല്ലാരും വരൂ.. പോയില്ല. ജാഡ. എന്നെ ആരും വിളിച്ചില്ലല്ലോ!! കളി തുടര്‍ന്നു. അടുത്ത പന്തിക്ക് വിളി വന്നു.. പേര് വരെ എടുത്ത് വിളിച്ചു.. വാടീ.. കൂട്ടുകാര്‍ വിളിച്ചു. അടുത്തെനിരിക്കാം .. എന്‍റെ വാക്ക് അവര്‍ അംഗീകരിച്ചു. വീണ്ടും കളി തന്നെ കളി.. അടുത്ത പന്തിക്ക്  " പിള്ളേരെല്ലാം ഇരുന്നേ ".. എന്ന വിളി വന്നു. അപ്പോഴേക്കും കളിയുടെ മൂച്ചില്‍ ഭക്ഷണത്തിന്റെ കാര്യം ഞങ്ങള്‍ മറന്നുപോയി. മാറി നിന്ന ഞങ്ങളെ എല്ലാരേം പിടിച്ച് നിര്‍ബന്ധിച്ച് ഇരുത്തി.. ഇല വച്ചു. വിളമ്പി. പതിവ് പോലെ കായ വരുത്തതില്‍ കൈ വച്ചു. ഇലയില്‍ വിളംബിയിരിക്കുന്ന കറികള്‍ടെ മണം .. ആഹാ.. വിശപ്പ് പുറത്ത് ചാടി.. എന്നാല്‍ തുടങ്ങിയേക്കാം..കൂടെ ഇരിക്കുന്ന കൂട്ടുകാരെ എല്ലാരേം നോക്കി ചിരിച്ച് സന്തോഷിച്ച് ഇരിക്കുമ്പോള്‍ ആണ് പുറത്ത് നിന്ന്‍ ഒരു ടീം പെണ്ണുങ്ങള്‍  കടന്ന്‍ വന്നത്.. എല്ലാരും പരിചയക്കാര്‍. എല്ലാരേം നോക്കി ഇളിച്ച് കാട്ടി. അവര്‍ വന്ന്‍ തൊട്ടും തലോടിയും സുഖവിവരം ഒക്കെ അന്വേഷിച്ചു. ഇതിന്റെ ഇടയില്‍ ആതിഥേയര്‍ എത്തി. "ആരാ വന്നേക്കണേ.. ഊണാങ്കട് കഴിച്ചട്ടാവാം ബാക്കി. എല്ലാരും ഇരുന്നോളോ. " എല്ലാരും ഇരിക്കാന്‍ പുറപ്പെട്ടു. ഒരാള്‍ മാത്രം ഇരിക്കാന്‍ കസേര കാണാതെ ഒരു പോംവഴിയില്ലാതെ നില്‍പ്പായി.

അതെ. ചമ്മല്‍ മാറ്റാന്‍ ആതിഥേയ കണ്ടുപിടിച്ച ആള്‍.. ഞാന്‍ തന്നെ..
"എന്താ കുട്ട്യോളൊക്കെ ഇപ്പൊ ഇരിക്കണേ? കുട്ട്യെനീറ്റോളോ.. "
എന്നെ എണീപ്പിച്ചു വിട്ടു..

എന്‍റെ ചിരി മാഞ്ഞു.. ഇളി ആയി.. ഇളിഭ്യയായി ഞാന്‍ എണീറ്റു..

വന്ന ചേച്ചി "വേണ്ട,  കുട്ടി കഴിച്ചോട്ടെ " എന്ന്  ഇരുന്നതിനു ശേഷം രണ്ട് മൂന്നു തവണ പറഞ്ഞു..

അടുത്ത പന്തിക്ക് കാത്ത് നില്‍ക്കുമ്പോള്‍ (നാണം പണ്ടെ ഇല്ല.) എന്‍റെ കൂട്ടുകാര്‍ എല്ലാം  ഊണ് കഴിഞ്ഞ് എന്നെ കൂടാതെ  ബാക്കി കളിച്ച് തീര്‍ക്കുമല്ലോ എന്ന സങ്കടായിരുന്നു എനിക്ക്..