Thursday, October 30, 2014

ഹീറോ !!!! (അതോ വില്ലനോ?)

ഹീറോ !!!! (അതോ വില്ലനോ?)


രണ്ടാം ക്ലാസ്സിൽ നിന്ന് മൂന്നിലേക്ക് പോകാൻ നേരം.. (ചിരിക്കണ്ട.. കദന കഥയാ..) ടീച്ചർ ചോദിച്ചു "ആർക്കെങ്കിലും മൂന്നാം ക്ലാസ് ബി ലേക്ക് വഴി അറിയോ?"  "എനിക്കറിയാം " എന്ന് പറഞ്ഞ്  രണ്ടു മൂന്ന്  ചെക്കന്മാർ ചാടി എണീറ്റു .. അവർ പറഞ്ഞ വഴികൾ വ്യത്യസ്തമായതുകൊണ്ട്  ടീച്ചർ പറഞ്ഞു. "ഞാൻ ഒരാളെ ഇങ്കട്‌ വിടാം .. അവൻ കാണിച്ച് തരും ക്ലാസ് .. എല്ലാരും വര്യായിട്ട് നിന്നോളേൻ .. 


ടീച്ചർ പറഞ്ഞിട്ട്  വന്ന ചെക്കനെ ഞാൻ നോക്കി .. എന്താ  എടുപ്പ് .. എഴുന്നള്ളത്തിന്  തിടംബേറ്റി   നില്ക്കുന്ന രാമചന്ദ്രന്റെ ഗാംഭീര്യം. (നെറോം തടീം അല്ല ഉദ്ദേശിച്ചത്.. ചെക്കന്‍ വെളുത്ത് മെലിഞ്ഞ്, ഞങ്ങളേക്കാള്‍ ഒക്കെ ഉയരമുള്ളവനും ആയിരുന്നു) സ്കൂളിലെ സകല ക്ലാസുകളും വഴികളും അവനറിയാത്രെ.. എനിക്കാണെങ്കില്‍ ഒന്നാം ക്ലാസ്സിലേക്കും രണ്ടാം ക്ലാസ്സിലേക്കും തിരിച്ച് വീട്ടിലേക്കും ഉള്ള വഴി തന്നെ കഷ്ടിയെ അറിയൂ..  എനിക്ക് ആരാധനയായി.. ഹ്ഹോ ഭീകരന്‍!!


അവന്‍ ഞെളിഞ്ഞ് മുന്നിലും ഞങ്ങളൊക്കെ വരിയില്‍ പിന്നിലും ആയി മൂന്ന്‍ ബി യില്‍ എത്തി. അവിടെ ഞങ്ങളെ വരവേറ്റത്  സജിനി ടീച്ചറും, കരഞ്ഞു തളര്‍ന്നിരിക്കുന്ന മറീന എന്ന പെണ്‍കുട്ടിയും ആയിരുന്നു. അവള്‍ മൂന്നില്‍ തോറ്റതാത്രേ..  പിന്നീട്  അവനും അവള്‍ടെ കൂട്ടത്തില്‍ തോറ്റതാണെന്ന്‍  ഞാന്‍ അറിഞ്ഞു. അപ്പോഴും ഇമേജ് പോയില്ല. ഹൌ .. തോറ്റിട്ടും കരയുന്നില്ല.. മ്മ്മ്മം.. ധൈര്യം!! അവന്‍ ജോണി.. (കള്ളപ്പേരാ..)


അക്കൊല്ലം മൂന്നിലെ റിസള്‍ട്ട് നോക്കാന്‍ ഞാനും പോയി.. "ക്ലാസ് ഫസ്റ്റ് ആയ കുട്ട്യേന്തിനാ റിസള്‍ട്ട്‌ നോക്കാന്‍ വന്നേക്കണേ? " ചോദ്യം ഹെഡ് മിസ്ട്രസ്സിന്റെ.. "ഞാന്‍ അമ്മേടെ കൂടെ വെറുതെ വന്നതാ.." വിറച്ചിട്ടാണെങ്കിലും മറുപടി കൊടുത്തു. അവന്‍ പിന്നേം തോറ്റോ അതോ എന്റെ കൂടെ നാലിലേക്ക് വരുന്നോ എന്നറിയാന്‍ പോയതാ.. ;-) അവനും ജയിച്ചു..


നാലാം ക്ലാസിലും ആരും അറിയാതെ എന്റെ ആരാധന തുടര്‍ന്നു.. ക്ലാസ് ലീഡര്‍ ആയ എന്നോട്, ക്ലാസില്‍ സ്ഥിരം തല്ലുകൊള്ളിയും എല്ലാ പ്രശ്നങ്ങളിലും ചെന്ന്‍ ചാടുന്നവനും ഗുണ്ടാ പരിവേഷം ഉള്ളവനും ആയ അവന്‍ മിണ്ടാറെ ഇല്ലായിരുന്നു.. എന്നാലും അവന്‍ ചെയ്യുന്ന നോക്കി ജനല്‍ വഴി ക്ലാസിനു പുറത്ത് പോകാനും ചൂളം വിളിക്കാനും ഒക്കെ ഞാന്‍ പ്രാക്ടീസ് ചെയ്തു.  ആരും അറിയാതെ... കൂടുതല്‍ പറയാന്‍ നാണമാവുന്നു..


ഒടുവില്‍ .. മൂന്നാം ക്ലാസ്സിലെ ജൈനി എന്ന സുന്ദരിയും പണക്കാരിയും ആയ കുട്ടിക്ക് ലവ് ലെറ്റര്‍ കൊടുത്ത് ഹെഡ് മിസ്ട്രസ്സിന്റെ കയ്യില്‍ നിന്ന്‍ അവന്‍ അടി വാങ്ങുന്നത് കാണാനുള്ള യോഗവും എനിക്കുണ്ടായി.. അതോടെ ഞാന്‍ ആ ചാപ്റ്റര്‍ പൂട്ടിക്കെട്ടി.. (നുണയാ.. നാലിലും റിസള്‍ട്ട്‌ നോക്കാന്‍ പോയി.. )

****

കളിക്കൂട്ടുകാരൻ

കളിക്കൂട്ടുകാരൻ 


കമലവേണി ടീച്ചറുടെ നഴ്സറിയിൽ പഠിക്കുന്ന കാലം. എൻറെ  ക്ലാസിലെ ജയൻ ആണ് കഥാനായകൻ . സ്ഥിരം കൂടെ കളിക്കുകയും ഇടക്ക് എന്റെ വീട്ടിലേക്ക് വന്ന് എൻറെ ആട്ടിൻ കുട്ടികളെ പരിചയപ്പെടുകയും അവയോടൊത്ത് കളിക്കാൻ കൂടുകയും ചെയ്ത അവൻ എൻറെ മനസ്സിൽ കയറിപ്പറ്റാൻ അധികം സമയം എടുത്തില്ല. സ്മാർട്ട്‌ ബോയ്‌ . ചുള്ളൻ . പഠിപ്പ് തീരും മുൻപേ അവൻറെ അച്ഛന് സ്ഥലം മാറ്റം കിട്ടി, അവൻ  നാട്ടിൽ നിന്ന്  പോയി. പിന്നീട് ഒരു വിവരവും ഇല്ല.


ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ക്ലാസിൽ ജയ എന്നൊരു കുട്ടി ഉണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തലിനിടക്ക്  അവൾ എൻറെ സ്ഥലപ്പേര്  ശ്രദ്ധിച്ചു. ഇടവേള സമയത്ത് ഓടി വന്നു. അവളുടെ ചെറുപ്പകാലം അവൾ എൻറെ നാട്ടിൽ ആണ് ചിലവഴിച്ചിരിക്കുന്നത് . കമലവേണി ടീച്ചറെ അവൾ ഓർക്കുന്നു . അവളുടെ വീട് അവൾ പറഞ്ഞപ്പോൾ എൻറെ ഉള്ളിൽ ഒരു മിന്നൽപിണർ!! ദൈവമെ.. ജയൻറെ അനിയത്തി!!!


അടുത്ത ദിവസം ഞാൻ നിധി ആയി സൂക്ഷിച്ചിരുന്ന എൻറെ കൂട്ടുകാരുടെ കൂടെ ഉള്ള ഫോട്ടോ ഞാൻ അവള്ക്ക് കൊണ്ട് കൊടുത്തു. അവൾ ജയന്റെയും. അവൻ ആകെ മാറിയിരിക്കുന്നു. തൊട്ടപ്പുറത്തുള്ള എഞ്ചിനീരിങ്ങ് കോളേജിൽ അവനുണ്ട്. ഒരു സർപ്രൈസ് കൊടുത്താലോ? അവന്റെ പ്രതികരണം എന്തായിരിക്കും?? എന്തായാലും ആ ഫോട്ടോ ജയയുടെ കയ്യിൽ ഞാൻ കൊടുത്തയച്ചു. ജയൻറെ പ്രതികരണം അറിയാൻ ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു.


ടീച്ചറും ഞങ്ങൾ 5 കുട്ടികളും നില്ക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്. ഞാൻ മാത്രമായിരുന്നു ഒരു പെണ്‍കുട്ടി. ജയന് എന്നെ ഒഴിച്ച് ബാക്കി എല്ലാരേം പരിചയം ഉണ്ടായിരുന്നു.. എത്ര ആലോചിച്ചിട്ടും അവന് എന്നെ ഓർമ വരുന്നില്ലെത്രേ!

***

ക്യാരി ക്യാമറി

ക്യാരി ക്യാമറി

        കുസാറ്റിലെ ഒരു വസന്തകാലം.. എന്റെ ബാച്ചിൽ ഉള്ള എല്ലാരും മിനി പ്രൊജക്റ്റ്‌ തപ്പി നടക്കുന്നു. ഒറ്റക്ക് ചെയ്യണമെന്നില്ലാത്തതുകൊണ്ട് ഞങ്ങൾ മൂന്ന് പേർ ഒരു ടീം ആയി. പ്രോജക്ടുകൾ മുന്പ് കണ്ടിട്ടേ ഇല്ലാത്ത ഞാൻ; 'എല്ലാറ്റിനും മ്മക്ക് പരിഹാരണ്ടാക്കാം ' എന്നാ പോളിസിയിൽ കൂളായി നടക്കുന്ന അത്യാവശ്യം നല്ല വിവരവും ബോധവും ഉള്ള രഞ്ജിത്ത് എന്ന രഞ്ചു; പിന്നെ ഞങ്ങൾടെ എല്ലാം പൊന്നോമനയും സർവ്വോപരി 'കേവി പ്രൊഡക്റ്റും' ആയ ശ്രീജ എന്ന ശ്രീജു. (തീരുമാനായി.)
       ഈ കേവി കേവി എന്ന് പറഞ്ഞാൽ മറ്റൊന്നും അല്ല.. കേന്ദ്രീയ വിദ്യാലയം.. ഇടയ്ക്കിടെ മറ്റ് കേവി പ്രോഡക്റ്റുകളെ കണ്ടാലുള്ള ഹിന്ദിയിൽ ഉള്ള കത്തിവയ്പ്പ് ; നമ്മളോടൊക്കെ സംസാരിക്കുന്നതിന്റെ ഇടയിൽ 'കി ' , 'കി ' എന്ന് ചുമ്മാ പറയൽ ; ആര് എന്ത് പറഞ്ഞാലും അത് ഹിന്ദിയോ ഇന്ഗ്ലീഷോ ആയി ആദ്യം മനസ്സിലാക്കുക എന്നിവയാണ് കേവി പ്രോഡക്റ്റാണ് താൻ എന്ന് കാണിക്കാൻ ശ്രീജു മനപ്പൂർവ്വം അല്ലാതെ ചെയ്തിരുന്നത്.. ഇതൊഴിച്ച് നിർത്തിയാൽ ശ്രീജു ഒരു പക്കാ ഡീസന്റ് പാർട്ടി ആണ് .. ഒരു പാവം.. ശ്രീജു ചമ്മുന്നത് കാണാൻ തന്നെ ഒരു രസാണ് .. അവൾ ഇടയ്ക്കിടെ ചമ്മി ഞങ്ങളെ രസിപ്പിക്കാറും ഉണ്ട് ട്ടോ..
      ബാക്ക് റ്റു പ്രൊജക്റ്റ് ..
       പ്രോജക്റ്റ് അന്വേഷണത്തിനിടയിൽ എറണാകുളം സൗത്തിനടുത്തെവിടെയൊ ഒരു വ്യക്തി പ്രൊജക്റ്റുകളുമായി ഞങ്ങളെ കാത്തിരിക്കുന്നതായി അറിവ് കിട്ടി. പ്രോജക്ടുകളെ പോലെ തന്നെ എനിക്ക് അത് വരെ യാതൊരു പരിചയവും ഇല്ലാതിരുന്ന ഒരു ഏരിയ ആണ് എറണാകുളം..
      "മ്മക്ക് പരിഹാരണ്ടാക്കാം.. രണ്ടാളും പോര്വേൻ .. " എന്ന രഞ്ചുവിന്റെ വാക് ബലത്തിൽ മൂന്നാളും പ്രസ്തുത വ്യക്തിയെ കാണാൻ ഇറങ്ങി.. അദ്ദേഹം പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി , തന്ന ഫോണ്‍ നമ്പറിൽ ശ്രീജു ഒരു ബൂത്തിൽ കയറി വിളിച്ചു .. "ക്യാരി ക്യാമറി റോഡിലൂടെ നേരെ ചെന്നാൽ ലെഫ്റ്റിലേക്കുള്ള വഴിയിൽ റൈറ്റിൽ ഉള്ള നാലാമത്തെ വീടാ.. പിങ്ക് പെയിന്റ് അടിച്ചത്.." ശ്രീജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീരത്തു .. "സൊ സിമ്പിൾ " എന്ന മുഖഭാവത്തിൽ നിൽപ്പായി .. ഏതാ ഈ "ക്യാരി ക്യാമറി " റോഡ്‌? എറണാകുളത്താണോ അതോ പോണ്ടിച്ചേരിയിലാണോ? ഇനീപ്പോ ഇന്ത്യേലന്യല്ലേ? രഞ്ചൂനു സംശയം..
       തൊട്ടടുത്ത് ഒരു പച്ചക്കറി കട .. അവിടെ ചോദിക്കാം.. രഞ്ചു പോയി ചോദിച്ചു. തിരിച്ചു വന്നു. അയാൾ അവിടെ എട്ടുപത്ത്‌ കൊല്ലായി കട തുടങ്ങീട്ട്.. ഇത് വരേം ഇങ്ങനെ ഒരു റോഡിൻറെ കാര്യം കേട്ടിട്ടില്ല.. അടുത്തുള്ള ബേക്കറിയിൽ ചോദിച്ചു. അയാൾക്കും അറിയില്ല. രഞ്ചുന്റെ സംശയം കലർന്ന നോട്ടം ശ്രീജുന്റെ നേരെ.. " എന്നെ നോക്കണ്ട .. അയാൾ അങ്ങന്ന്യാ പറഞ്ഞേ .. വേണെങ്കിൽ ഒന്നൂടെ വിളിച്ച്ചോക്കു .." എന്ന് ശ്രീജു..
      ന്നാൽ അതൊന്നറിയണല്ലൊ .. മ്മക്ക് പരിഹാരണ്ടാക്കാം.. വിളിച്ചിട്ട് തന്നെ കാര്യം.. രഞ്ചു ബൂത്തിൽ പോയി വീണ്ടും ഫോണ്‍ ചെയ്തു. തിരിച്ച് വന്ന രഞ്ചു: " എന്ത് റോഡാണ്‍ന്ന് ????? ക്യാരി???? ഇവളെ ഞാ...ണ്ടലോ... കാരിക്കാമുറി റോഡണ് ... "
     അവിടെ നിന്ന് കാരിക്കാമുറി റോഡ്‌ വരെ അവളെ ഞങ്ങൾ തല്ലാൻ ഓടിച്ചു..

****