Showing posts with label friend. Show all posts
Showing posts with label friend. Show all posts

Thursday, October 30, 2014

കളിക്കൂട്ടുകാരൻ

കളിക്കൂട്ടുകാരൻ 


കമലവേണി ടീച്ചറുടെ നഴ്സറിയിൽ പഠിക്കുന്ന കാലം. എൻറെ  ക്ലാസിലെ ജയൻ ആണ് കഥാനായകൻ . സ്ഥിരം കൂടെ കളിക്കുകയും ഇടക്ക് എന്റെ വീട്ടിലേക്ക് വന്ന് എൻറെ ആട്ടിൻ കുട്ടികളെ പരിചയപ്പെടുകയും അവയോടൊത്ത് കളിക്കാൻ കൂടുകയും ചെയ്ത അവൻ എൻറെ മനസ്സിൽ കയറിപ്പറ്റാൻ അധികം സമയം എടുത്തില്ല. സ്മാർട്ട്‌ ബോയ്‌ . ചുള്ളൻ . പഠിപ്പ് തീരും മുൻപേ അവൻറെ അച്ഛന് സ്ഥലം മാറ്റം കിട്ടി, അവൻ  നാട്ടിൽ നിന്ന്  പോയി. പിന്നീട് ഒരു വിവരവും ഇല്ല.


ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ക്ലാസിൽ ജയ എന്നൊരു കുട്ടി ഉണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തലിനിടക്ക്  അവൾ എൻറെ സ്ഥലപ്പേര്  ശ്രദ്ധിച്ചു. ഇടവേള സമയത്ത് ഓടി വന്നു. അവളുടെ ചെറുപ്പകാലം അവൾ എൻറെ നാട്ടിൽ ആണ് ചിലവഴിച്ചിരിക്കുന്നത് . കമലവേണി ടീച്ചറെ അവൾ ഓർക്കുന്നു . അവളുടെ വീട് അവൾ പറഞ്ഞപ്പോൾ എൻറെ ഉള്ളിൽ ഒരു മിന്നൽപിണർ!! ദൈവമെ.. ജയൻറെ അനിയത്തി!!!


അടുത്ത ദിവസം ഞാൻ നിധി ആയി സൂക്ഷിച്ചിരുന്ന എൻറെ കൂട്ടുകാരുടെ കൂടെ ഉള്ള ഫോട്ടോ ഞാൻ അവള്ക്ക് കൊണ്ട് കൊടുത്തു. അവൾ ജയന്റെയും. അവൻ ആകെ മാറിയിരിക്കുന്നു. തൊട്ടപ്പുറത്തുള്ള എഞ്ചിനീരിങ്ങ് കോളേജിൽ അവനുണ്ട്. ഒരു സർപ്രൈസ് കൊടുത്താലോ? അവന്റെ പ്രതികരണം എന്തായിരിക്കും?? എന്തായാലും ആ ഫോട്ടോ ജയയുടെ കയ്യിൽ ഞാൻ കൊടുത്തയച്ചു. ജയൻറെ പ്രതികരണം അറിയാൻ ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു.


ടീച്ചറും ഞങ്ങൾ 5 കുട്ടികളും നില്ക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്. ഞാൻ മാത്രമായിരുന്നു ഒരു പെണ്‍കുട്ടി. ജയന് എന്നെ ഒഴിച്ച് ബാക്കി എല്ലാരേം പരിചയം ഉണ്ടായിരുന്നു.. എത്ര ആലോചിച്ചിട്ടും അവന് എന്നെ ഓർമ വരുന്നില്ലെത്രേ!

***

Monday, February 3, 2014

തിരിച്ചറിവ്

തിരിച്ചറിവ്

ഇന്ന് ഫെബ്രുവരി മൂന്ന്.. 

എൻറെ ഒരു സഹപാഠിയുടെ പിറന്നാള്‍ ആണ്‌. 

രാവിലെ തന്നെ ഫോണ്‍ ചെയ്ത്‌ ആശംസകള്‍ അറിയിച്ചു. എണ്റ്റെ സുഹൃത്ത്‌ ഒരു ചിരിയോടെ എന്നോട്‌ ഒരു കാര്യം പറഞ്ഞു. പിറന്നാളെന്ന് ഓര്‍മ്മ വരുമ്പോള്‍ എല്ലാം എന്നെയും ഓര്‍ക്കും എന്ന്. 

കൂടെ പഠിച്ച കാലത്ത്‌ മിക്കവാറും ദിവസങ്ങളില്‍ പരസ്പരം മിണ്ടാതെയും അടിയുണ്ടാക്കിയും കുസൃതികള്‍ ഒപ്പിച്ചും നടന്നവര്‍ ആണ്‌ ഞങ്ങൾ.. എന്തോര്‍ക്കാൻ??

"എൻറെ പിറന്നാളിൻറെ അന്ന് നീ കരിദിനം ആചരിച്ചത്‌ ഓര്‍മയില്ലേ? " ഒരു ചോദ്യം...
ഞാന്‍ ഒരു കറുത്ത തുണിക്കഷ്ണം ചുരിദാറില്‍ കുത്തിയിട്ടാണ്‌ അന്നേദിവസം ക്ളാസില്‍ ചെന്നത്‌. എനിക്ക്‌ ഓര്‍മ്മ ഇല്ലായിരുന്നു. ആ ചോദ്യം കേട്ടപ്പോള്‍ ഓര്‍മ്മ വന്നു..

എൻറെ ഒരു പിറന്നാളിന്‌ ട്രീറ്റ്‌ എന്നും പറഞ്ഞ്‌ പതിനാറ്‌ പേർ
ഹോട്ടലില്‍ നിന്ന് നല്ല ശാപ്പാടടിച്ചിട്ട്‌, എന്നോടൊരു ആശംസ പോലും പറയാതെ പോയത്‌ വരെ ഒരു വേദനിക്കുന്ന ഓര്‍മ്മയായി ഞാന്‍ സൂക്ഷിക്കുന്നു. അപ്പോള്‍ എൻറെ ഈ പ്രവൃത്തി എൻറെ സുഹൃത്തിൻറെ മനസ്സില്‍ എത്ര ആഴത്തില്‍ പതിഞ്ഞിരിക്കുമെന്ന് എനിക്ക്‌ മനസ്സിലാവുന്നു..

എൻറെ പ്രിയ സുഹൃത്തേ, ഞാന്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. എന്നോട്‌ ക്ഷമിക്കു.. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...