Showing posts with label cusat. Show all posts
Showing posts with label cusat. Show all posts

Tuesday, November 18, 2014

അപ്പൊ ഞാനാരായി?

അപ്പൊ ഞാനാരായി?
വീണ്ടും കുസാറ്റ് ..  അതുല്യ ഹോസ്റ്റൽ .. പെണ്‍ പട ഇടക്ക് മേയാൻ ഇറങ്ങും.. മിക്കതും അടുത്തുള്ള ഏതെങ്കിലും ഭക്ഷണ ശാല ആക്രമണം ആണ് നടക്കാറ് .. കൂട്ടുകാരികളുടെ വീട് സന്ദർശനം .. വല്ലപ്പോഴും ഒരു സിനിമ.. വിരളം ആണ്.. എന്നാലും.. അല്ലെങ്കിൽ പാർസൽ ഫുഡ്‌ വാങ്ങി റൂമിൽ കട്ടിലുകൾ അടുപ്പിച്ചിട്ട് നടുക്ക് ഭക്ഷണം വച്ച് ചുറ്റും കൂടി ഇരുന്നു ആക്രമണം.. എല്ലാം കഴിഞ്ഞാൽ വേസ്റ്റ് നോക്കി ഒരു പാട്ടും.. "എല്ലാം ഓർമ്മകൾ മാത്രമായീ ... "

ഈ യാത്രകൾക്കെല്ലാം വരുന്ന ചിലവുകൾ ഷെയർ ഇട്ട് എടുക്കാറാണ് പതിവ്.. അപ്പൊ എടുക്കാൻ പറ്റുന്നവർ എടുക്കും.. പിന്നീട് അവരവരുടെ ഷെയർ കൊടുക്കും.. ആരൊക്കെ എത്ര കാശു ചിലവാക്കി.. ആരൊക്കെ ആർക്കൊക്കെ എത്ര കാശു കൊടുക്കാറുണ്ട് എന്ന കണക്ക് സൂക്ഷിക്കണ്ട ചുമതല എനിക്കാവാറാണ് പതിവ്.. വിശ്വാസം അതല്ലേ എല്ലാം.. (നെറ്റി ചുളിക്കണ്ട.. ഞാൻ ആര്ടേം കാശു പറ്റിക്കാറില്ല ..)

ഇത്തരത്തിലെ ഒരു കണക്ക് സമർപ്പിക്കലിന്റെ അവസാനത്തിൽ.. ആർക്കും അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കാൻ ഇല്ല.. ഞാൻ മാത്രം ഞങ്ങടെ താത്ത കുട്ടിക്ക് ഇത്തിരി ചില്ലറ കൊടുക്കാനുണ്ട്.. വെറും രണ്ടര ഉർപ്പ്യ ... ഇത് കണ്ടതും താത്തക്കുട്ടിക്ക് തമാശയായി.. വല്യേ ഗൌരവം കാണിച്ച് അവൾ എന്നോട്.. "ധന്യേ.. അപ്പൊ എന്റെ രണ്ടര രൂപ എവിടെ? വേഗം തരു.. " എനിക്കാണെങ്കിൽ കടം പറഞ്ഞ് പോകാനുള്ള മനസ്സും വരുന്നില്ല.. ബാഗ്‌ തപ്പിയപ്പോൾ ഒരു അഞ്ചു രൂപാ നോട്ട് കിട്ടി.. അതെടുത്ത് അവൾക്ക് കൊടുത്തു.. എന്നിട്ട് ഞാൻ തിരിച്ച് ചോദിച്ചു.. "അപ്പൊ എന്റെ രണ്ടര രൂപ എവിടെ? എവിടെ? എവിടെ? വേഗം തരു.. "

അപ്പൊൾ അവൾ എന്റെ വലത്തെ കൈ എടുത്ത് അവളുടെ കൈക്കുള്ളിൽ അമർത്തിപ്പിടിച്ചിട്ട്

"എല്ലാം പൊരുത്തപ്പെട്ടു.. "

അപ്പൊ ഞാനാരായി??

Wednesday, November 5, 2014

യെസ്ബീ ട്രാവൽസ് ..

യെസ്ബീ ട്രാവൽസ് ..

വിഭാ യാദവ് - കുസാറ്റിൽ എന്റെ സീനിയർ ബാച്ചിൽ ഉണ്ടായിരുന്ന പെണ്‍കുട്ടി - പെണ്‍സിംഹം. എപ്പോഴും പാന്റും ടി ഷർട്ടും ഇട്ട്, മുടി ക്രോപ് ചെയ്ത്, കമ്മലും മാലയും വളയും ഒന്നും ഉപയോഗിക്കാത്ത വിഭയെ കണ്ടാൽ , വെളുത്തു മെലിഞ്ഞ ഒരു ക്യൂട്ട് പയ്യൻ നടന്ന് പോകുന്നതായേ തോന്നൂ .. ഹോസ്റ്റലിലെ 'മലയാളം മാത്രം സംസാരിക്കാനുള്ള മത്സരത്തിൽ ഒന്നാമത്തേയൊ രണ്ടാമത്തെയോ സ്ഥാനത്തേക്ക് "എനിക്കറിയില്ല " എന്ന ഒറ്റ വാക്കുകൊണ്ട് അവൾ എത്തിയിട്ടുണ്ട്.. ബൈക്കോടിക്കും .. ക്രിക്കറ്റ് കളിക്കും.. ഇതൊക്കെ പറഞ്ഞാലും മൃദുല ഹൃദയയും പാവവും ആണ് ഈ ഹിന്ദിക്കാരി ചേച്ചി.. (ചേച്ചീന്ന് വിളിച്ചാൽ കൊല്ലാൻ വരും..)

വിഭക്ക് അത്യാവശ്യമായി ബാംഗളൂരിൽ പോകണം.. എറണാകുളത്ത് , ജോസ് ജംഗ്ഷനിൽ ഉള്ള എയ്സ്ബീ ട്രാവൽസിൽ വിളിച്ച് ബുക്ക്‌ ചെയ്തു. അങ്ങോട്ട്‌ പോയി കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങണം.. അന്നവിടെ ഓണ്‍ലൈൻ പരിപാടികൾ തുടങ്ങിയിട്ടില്ല.... കേരളത്തിൽ ജനിച്ച് വളർന്ന എനിക്കേ എറണാകുളം പരിചയമില്ല.. പിന്നെ ആണ് നോർത്തിന്ത്യയിൽ നിന്ന് വന്ന വിഭ..

വിഭക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജൂനിയറും , ഞങ്ങളടെ ഇടയിലെ സൂപ്പർസ്റ്റാറും , സർവ്വോപരി എറണാകുളം പൂത്തോട്ടക്കാരിയും ആയ ; മലയാളം, ഹിന്ദി, പിന്നെ വേറെ കുറെ ഭാഷകളും അനർഗള നിർഗളമായി ഒഴുക്കുന്ന പ്രശാന്തിനിയെ ആണ് വിഭ ടിക്കറ്റ് വാങ്ങാൻ പോകാൻ കൂടെ കൂട്ടിയത്.. ഭാഷയും ഓക്കേ വഴിയും ഓക്കേ..

ജോസ് ജംഗ്ഷനിൽ ബസ്സിറങ്ങിയ അവർ ട്രാവൽസ് തപ്പി തലങ്ങും വിലങ്ങും നടന്നു.. യെവടെ??? കണ്ടില്ല..

വിഭ.. : "" അബേ.. ഓയ് .. പസൂ .. ഫോണ്‍ കർക്കേ പൂഛ്നാ ... ""

ഞങ്ങൾ സ്നേഹത്തോടെ "പ്രശൂ " എന്ന് വിളിക്കാറുള്ള പ്രശാന്തിനിയെ, വിഭ " അബേ.. ഓയ് .. പസൂ .." എന്നാണു വിളിക്കാറ് .. അവൾ തിരിച്ച് സ്നേഹവും ബഹുമാനവും നിറച്ച് "ക്യാ ഹെ വിഭാ " എന്നും..

രണ്ടാളും തൊട്ടടുത്ത് കണ്ട ബൂത്തിൽ കയറി.. റിസപ്ഷനിസ്റ്റിനു അഭിമുഖമായി ഉള്ള ചില്ലുകൂട്ടിൽ കയറി പ്രശു ഫോണ്‍ ചെയ്തു. വിഭ കാഴ്ച്ചക്കാരിയായി ചില്ലുകൂട്ടിനടുത്തുള്ള ചുമരിൽ ചാരി എല്ലാം കേട്ടും കണ്ടും ആസ്വദിച്ചു തുടങ്ങി.. അല്ലെങ്കിലും മലയാളത്തിൽ ഞങ്ങൾ കടിപിടി കൂടുന്നത് കണ്ടു പുഞ്ചിരിക്കൽ അവളുടെ ഒരു ശീലമാണു .. പ്രശു ഫോണ്‍ ചെയ്യുമ്പോൾ തന്നെ റിസപ്ഷനിസ്റ്റിനും ഒരു ഫോണ്‍ വന്നു.. രണ്ടും മലയാളം.. വിഭക്ക് തമാശയായി.. രണ്ടു പേരേയും മാറി മാറി നോക്കി വിഭ നിന്നു ..

ഫോണ്‍ ചെയ്ത പ്രശു ...

"യെസ്ബീ ട്രാവൽസല്ലേ ?"

"അതേ"

"ഇതെവിടെയാ? നിങ്ങൾ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ എത്തി.. കൃത്യമായി എവിടെയാ?"

"അവിടെ ഒരു ബൂത്ത് ഉണ്ട് ......
ഫോണിലൂടെ അഡ്രസ്‌ കേൽക്കുന്നതിനിടക്ക് പ്രശു റിസപ്ഷനിസ്റ്റിനെ ശ്രദ്ധിച്ചു.. ഫോണ്‍ പതുക്കെ മാറ്റി പിടിച്ചു.. ""ആ ചേട്ടൻ പറയുന്നത് തന്നെ അല്ലേ ഞാൻ ഈ ഫോണിൽ കേള്ക്കുന്നത്?? ദൈവമെ..... ചമ്മി... ഇത് തന്നെയാണല്ലോ ട്രാവൽസിന്റെ ഓഫീസ് .. !!!!""

വിഭക്കും കാര്യം പിടി കിട്ടി.. ഫോണ്‍ വച്ച് പുറത്തിറങ്ങിയ പ്രശുവിനു ചിരിയടക്കാൻ പറ്റിയില്ല.. ടിക്കറ്റ് വാങ്ങി പുറത്തിറങ്ങിയിട്ടും ചമ്മൽ മാറിയില്ല.. ചിരിയും.. വഴിയോരത്ത് നിന്നിരുന്ന ഒരാൾ ഒരു ലോട്ടറി ടിക്കറ്റ് നീട്ടി. പ്രശു ചിരിച്ച് ചിരിച്ച് അതും വാങ്ങി മുന്നോട്ട് നടന്നു.. അയാൾ പിന്നാലെ വന്ന് കാശ് ചോദിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്.. പിന്നൊരാഴ്ചക്ക് പ്രശൂനു ഹൊസ്റ്റലിൽ ആഘോഷം ആയിരുന്നു..

Thursday, October 30, 2014

ക്യാരി ക്യാമറി

ക്യാരി ക്യാമറി

        കുസാറ്റിലെ ഒരു വസന്തകാലം.. എന്റെ ബാച്ചിൽ ഉള്ള എല്ലാരും മിനി പ്രൊജക്റ്റ്‌ തപ്പി നടക്കുന്നു. ഒറ്റക്ക് ചെയ്യണമെന്നില്ലാത്തതുകൊണ്ട് ഞങ്ങൾ മൂന്ന് പേർ ഒരു ടീം ആയി. പ്രോജക്ടുകൾ മുന്പ് കണ്ടിട്ടേ ഇല്ലാത്ത ഞാൻ; 'എല്ലാറ്റിനും മ്മക്ക് പരിഹാരണ്ടാക്കാം ' എന്നാ പോളിസിയിൽ കൂളായി നടക്കുന്ന അത്യാവശ്യം നല്ല വിവരവും ബോധവും ഉള്ള രഞ്ജിത്ത് എന്ന രഞ്ചു; പിന്നെ ഞങ്ങൾടെ എല്ലാം പൊന്നോമനയും സർവ്വോപരി 'കേവി പ്രൊഡക്റ്റും' ആയ ശ്രീജ എന്ന ശ്രീജു. (തീരുമാനായി.)
       ഈ കേവി കേവി എന്ന് പറഞ്ഞാൽ മറ്റൊന്നും അല്ല.. കേന്ദ്രീയ വിദ്യാലയം.. ഇടയ്ക്കിടെ മറ്റ് കേവി പ്രോഡക്റ്റുകളെ കണ്ടാലുള്ള ഹിന്ദിയിൽ ഉള്ള കത്തിവയ്പ്പ് ; നമ്മളോടൊക്കെ സംസാരിക്കുന്നതിന്റെ ഇടയിൽ 'കി ' , 'കി ' എന്ന് ചുമ്മാ പറയൽ ; ആര് എന്ത് പറഞ്ഞാലും അത് ഹിന്ദിയോ ഇന്ഗ്ലീഷോ ആയി ആദ്യം മനസ്സിലാക്കുക എന്നിവയാണ് കേവി പ്രോഡക്റ്റാണ് താൻ എന്ന് കാണിക്കാൻ ശ്രീജു മനപ്പൂർവ്വം അല്ലാതെ ചെയ്തിരുന്നത്.. ഇതൊഴിച്ച് നിർത്തിയാൽ ശ്രീജു ഒരു പക്കാ ഡീസന്റ് പാർട്ടി ആണ് .. ഒരു പാവം.. ശ്രീജു ചമ്മുന്നത് കാണാൻ തന്നെ ഒരു രസാണ് .. അവൾ ഇടയ്ക്കിടെ ചമ്മി ഞങ്ങളെ രസിപ്പിക്കാറും ഉണ്ട് ട്ടോ..
      ബാക്ക് റ്റു പ്രൊജക്റ്റ് ..
       പ്രോജക്റ്റ് അന്വേഷണത്തിനിടയിൽ എറണാകുളം സൗത്തിനടുത്തെവിടെയൊ ഒരു വ്യക്തി പ്രൊജക്റ്റുകളുമായി ഞങ്ങളെ കാത്തിരിക്കുന്നതായി അറിവ് കിട്ടി. പ്രോജക്ടുകളെ പോലെ തന്നെ എനിക്ക് അത് വരെ യാതൊരു പരിചയവും ഇല്ലാതിരുന്ന ഒരു ഏരിയ ആണ് എറണാകുളം..
      "മ്മക്ക് പരിഹാരണ്ടാക്കാം.. രണ്ടാളും പോര്വേൻ .. " എന്ന രഞ്ചുവിന്റെ വാക് ബലത്തിൽ മൂന്നാളും പ്രസ്തുത വ്യക്തിയെ കാണാൻ ഇറങ്ങി.. അദ്ദേഹം പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി , തന്ന ഫോണ്‍ നമ്പറിൽ ശ്രീജു ഒരു ബൂത്തിൽ കയറി വിളിച്ചു .. "ക്യാരി ക്യാമറി റോഡിലൂടെ നേരെ ചെന്നാൽ ലെഫ്റ്റിലേക്കുള്ള വഴിയിൽ റൈറ്റിൽ ഉള്ള നാലാമത്തെ വീടാ.. പിങ്ക് പെയിന്റ് അടിച്ചത്.." ശ്രീജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീരത്തു .. "സൊ സിമ്പിൾ " എന്ന മുഖഭാവത്തിൽ നിൽപ്പായി .. ഏതാ ഈ "ക്യാരി ക്യാമറി " റോഡ്‌? എറണാകുളത്താണോ അതോ പോണ്ടിച്ചേരിയിലാണോ? ഇനീപ്പോ ഇന്ത്യേലന്യല്ലേ? രഞ്ചൂനു സംശയം..
       തൊട്ടടുത്ത് ഒരു പച്ചക്കറി കട .. അവിടെ ചോദിക്കാം.. രഞ്ചു പോയി ചോദിച്ചു. തിരിച്ചു വന്നു. അയാൾ അവിടെ എട്ടുപത്ത്‌ കൊല്ലായി കട തുടങ്ങീട്ട്.. ഇത് വരേം ഇങ്ങനെ ഒരു റോഡിൻറെ കാര്യം കേട്ടിട്ടില്ല.. അടുത്തുള്ള ബേക്കറിയിൽ ചോദിച്ചു. അയാൾക്കും അറിയില്ല. രഞ്ചുന്റെ സംശയം കലർന്ന നോട്ടം ശ്രീജുന്റെ നേരെ.. " എന്നെ നോക്കണ്ട .. അയാൾ അങ്ങന്ന്യാ പറഞ്ഞേ .. വേണെങ്കിൽ ഒന്നൂടെ വിളിച്ച്ചോക്കു .." എന്ന് ശ്രീജു..
      ന്നാൽ അതൊന്നറിയണല്ലൊ .. മ്മക്ക് പരിഹാരണ്ടാക്കാം.. വിളിച്ചിട്ട് തന്നെ കാര്യം.. രഞ്ചു ബൂത്തിൽ പോയി വീണ്ടും ഫോണ്‍ ചെയ്തു. തിരിച്ച് വന്ന രഞ്ചു: " എന്ത് റോഡാണ്‍ന്ന് ????? ക്യാരി???? ഇവളെ ഞാ...ണ്ടലോ... കാരിക്കാമുറി റോഡണ് ... "
     അവിടെ നിന്ന് കാരിക്കാമുറി റോഡ്‌ വരെ അവളെ ഞങ്ങൾ തല്ലാൻ ഓടിച്ചു..

****