Tuesday, April 26, 2011

പേടി..

പേടി..

രാവിലെ നേരത്തേ എണീറ്റു.. ഒന്നുകൂടെ കിടന്നാലോ? കിടക്കാം.. കണ്ണടച്ചപ്പോഴേക്കും മോബൈലിലെ റിമൈണ്റ്റര്‍ അടിച്ചു.. എനിക്കറിയാം ഞാന്‍ വീണ്ടും കിടക്കാന്‍ നോക്കുമെന്ന്‌. :-) എന്നെ ഞാന്‍ തന്നെ മാനിച്ചില്ലെങ്കില്‍ പിന്നെ ആരു മാനിക്കും? എണീക്കാം.. എണീറ്റു.

എന്തായാലും വൈകി. ഇനി മോണ്റ്റെ ടിഫിന്‍ തയ്യാറാക്കാം. ബ്രെഡ്‌ ടോസ്റ്റ്‌ ചെയ്തു. മുറിച്ചു. ജ്യൂസ്‌ ഫ്രിഡ്ജില്‍ നിന്ന്‌ എടുത്തു വച്ചു. ഒരു കേക്ക്‌ കഷ്ണം കൂടെ വച്ചു. ഇതില്‍ കൂടുതല്‍ വച്ചാല്‍ അവന്‍ കഴിക്കുന്നില്ല എന്ന പരാതി ടീച്ചര്‍ ഡയറിയില്‍ എഴുതി വിടും. ഇത്‌ മതി. ഇതെങ്കിലും കഴിച്ചാല്‍ മതിയായിരുന്നു. ഉച്ചക്ക്‌ വീട്ടില്‍ വരുമ്പോള്‍ ചോറു കൊടുക്കാം.

മോണ്റ്റെ യൂണിഫോം എന്നും കഴുകണ്ട അവസ്ത ആണ്‌. സ്കൂളില്‍ നിന്ന്‌ വരുമ്പൊ ഒരു ഗുസ്തി കഴിഞ്ഞ പോലെ ആയിരിക്കും വസ്ത്രം. ഇന്നലെ കഴുകി ഇട്ട യൂണിഫോം ഇന്ന്‌ തേയ്ക്കണം. അയ്യോ, സമയം പോയതറിഞ്ഞില്ല.

അയണ്‍ ചെയ്യല്‍ കഴിഞ്ഞു. ഇന്ന്‌ ബ്രേക്ക്‌ ഫാസ്റ്റിന്‌ പൂരി മസാല ഉണ്ടാക്കാം. അയ്യൊ, ഇപ്പൊ കഷ്ണങ്ങള്‍ വേവിച്ചാലേ മോനെ സ്കൂളില്‍ വിട്ട്‌ വന്ന്‌ മസാല വയ്ക്കാന്‍ സമയം കിട്ടു. കുക്കറില്‍ ഇട്ട്‌ സ്റ്റൌവില്‍ വച്ചു. ഇനി കുളിക്കണം. ശ്ശോ, ഇന്ന്‌ വെള്ളം കുടിക്കാന്‍ മറന്നല്ലോ.. ഇനി കുളിച്ചിട്ടാകാം.

തോര്‍ത്തെടുത്ത്‌ കുളിക്കാന്‍ കയറി. പൈപ്പ്‌ തുറന്നു. ബക്കറ്റില്‍ ഇന്നലെ പിടിച്ചു വച്ച വെള്ളം ഉണ്ട്‌. തണുത്തത്‌. പൈപ്പില്‍ നിന്ന്‌ വരുന്നത്‌ തിളച്ച വെള്ളമായിരിക്കും. തണുത്ത വെള്ളം മിക്സ്‌ ചെയ്താണ്‌ കുളിക്കാറ്‌. എന്തോ ഒന്ന്‌ മറന്നല്ലോ.. അയ്യേ.. പല്ല്‌ തേച്ചില്ലല്ലോ.. ഹീ ഹീ.. ഇനി അത്‌ നടക്കട്ടെ..

പല്ല്‌ തേച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ശബ്ദം.. പ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്‌.. ഇതാരാണപ്പാ... കുളിക്കുന്നിടത്ത്‌ ഒളിച്ചിരിക്കുന്നത്‌? ചുറ്റും കണ്ണോടിച്ചു. ഏയ്‌.. ആരും ഇല്ല.. തോന്നിയതാവും.. അപ്പുറത്തെ ഫ്ളാറ്റിലെ ഫ്ള ഷ്‌ ആയിരിക്കും.. പിന്നെയും അതേ ശബ്ദം.. ദൈവമെ.. ഇനി ആയുധവും ആയി ആരെങ്കിലും ആക്രമിക്കാന്‍ വന്നതാകുമോ? അറബിരാജ്യങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്ന കാലവും. എന്നാലും ഏതു വഴി ആയിരിക്കും ശബ്ദം അകത്ത്‌ വരുന്നത്‌? അടുക്കളയിലെ ജനല്‍ അടച്ചിട്ടില്ലെ? പൈപ്പ്‌ അടച്ചു. വീണ്ടും അതേ ശബ്ദം. പെട്ടെന്ന് ഓര്‍മ വന്നു. കുക്കറ്‍ അടുപ്പത്ത്‌ വച്ചാണ്‌ കുളിക്കാന്‍ കയറിയത്‌..

ചിന്ത കാട്‌ കയറിപ്പോയി.. :-)

Wednesday, April 13, 2011

മുത്തശ്ശനും മുത്തശ്ശിയും മുത്തുവും..




മുത്തശ്ശനും മുത്തശ്ശിയും മുത്തുവും..



മഹേശ്വരന്റെ വല്യച്ച്ഛന്റെ കല്യാണത്തിനു എടുത്ത ഫോട്ടോ..

കെട്ടിടം


ഒരു കെട്ടിടം - കുവൈറ്റിലെ..

ക്യാമറയുടെ റൈഞ്ജ് ഒന്ന് പരീക്ഷിച്ചതാ..

Sunday, March 27, 2011

പ്രവാസിക്കഥ - 2

പ്രവാസിക്കഥ - ജീവിക്കണ്ടേ? ത്രിശ്ശൂർ അസ്സോസിയെഷന്റെ മീറ്റിങ്ങിൽ പങ്കെടുക്കുമ്പോൾ കണ്ടുമുട്ടിയ ഒരു അമ്മാവനെ പറ്റിയാണു ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.. സാധാരണ എല്ലാ ജെനറൽ ബോഡി മീറ്റിങ്ങുകളും പോലെ, ഈ മീറ്റിങ്ങിലും വാക്കുകളാലുള്ള ചെളി വാരി എറിയലും തർക്കങ്ങളും ഉണ്ടായി. അതിനിടക്ക്, ഒരു പ്രായം ചെന്ന ഒരാൾ മൈക്ക് വാങ്ങി സംസാരിച്ചു. അദ്ദേഹം താൻ ഒരു അസ്സോസിയേഷനിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളും, ഇവിടെ നടക്കുന്ന തർക്കങ്ങളിൽ തനിക്കുള്ള വിഷമവും പങ്കുവച്ചു. അതല്ല ഞാൻ ഇവിടെ പറയാൻ പോകുന്നത്.. അദ്ദേഹത്തിനു 50 വയസ്സുണ്ട്. 50 കുവൈറ്റ് ദിനാർ ആണു അദ്ദേഹത്തിന്റെ വരുമാനം. അദ്ദേഹം ഒരു വീട്ടുജോലിക്കാരനാണു. അദ്ദേഹത്തിന്റെ കുടുംബം ഒരു നേരം ഭക്ഷണം കഴിക്കണമെങ്കിൽ, അദ്ദേഹം ജോലി ചെയ്തേ മതിയാവൂ. മൂന്നാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. അതിനു ശേഷം സ്വന്തം കുടുംബഭാരം അദ്ദേഹത്തിന്റെ ചുമലിൽ ആണു. അന്നു മുതൽ ഇന്ന് വരെ അദ്ദെഹം ജോലി ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ വില അറിയാവുന്നതുകൊണ്ട് തന്റെ മക്കളെ പഠിപ്പിക്കുന്നു. ബി എസ് സി നഴ്സിങ്ങ്.. ഇതു പോലെ , അല്ലെങ്കിൽ ഇതിലും ദയനീയ കുടുംബ സ്ഥിതി ഉള്ള ഒരുപാട് പേർ അന്യ നാടുകളിൽ കഷ്ടപ്പെടുന്നുണ്ട്. അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും തോന്നി. ഒപ്പം ഉള്ളിൽ ഒരു ഭയവും. ഇങ്ങനെ ഒരു അവസ്ഥ വന്നാൽ? അല്ലെങ്കിൽ, ഇങ്ങനെ ഒരു അവസ്ഥയിൽ തൊഴിൽ എടുക്കാനുള്ള ആരോഗ്യം ഇല്ലെങ്കിൽ? ഇതു പോലെ ഉള്ള ഒരുപാട് പേരെ നിങ്ങൾക്കും അറിയാമായിരിക്കും. അദ്ദേഹത്തെ കണ്ടപ്പോൾ ഇത്രയും എഴുതണം എന്ന് തോന്നി. അസ്സോസിയേഷൻ അദ്ദേഹത്തിനു ധന സഹായം ചെയ്യുന്നുണ്ട്.

Saturday, March 26, 2011

ഒരു പ്രവാസിക്കഥ

ഒരു പ്രവാസിക്കഥ

നമ്മൾ ത്രിശ്ശൂർക്കാരല്ലേ? ഒരു ത്രിശ്ശുർ അസ്സോസിയേഷൻ മീറ്റിങ്ങിനു വിളിച്ചാൽ പോകേണ്ട മര്യാദ നമുക്കുണ്ട്. എന്നാൽ, സ്വന്തമായി വാഹനമോ വരുമാനമോ ഇല്ലാത്ത ഞാൻ, തീർച്ചയായും ഓൺ ചക്കാത്ത് പൊകാൻ പറ്റുമോ എന്നാൺ ആദ്യം ചിന്തിക്കുക. മറ്റൊരു പ്രവാസി കുടുംബസമേതം ഇതേ മീറ്റിങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നു അറിഞ്ഞതും ‘ഞാനുണ്ടും തണ്ടുണ്ടും പിന്നാലെ’.. അവർ ഒരു കൊച്ചു കുടുംബം. അച്ഛൻ, അമ്മ, 3 പെൺ കുഞ്ഞുങ്ങൾ.. വെറെ ഒരു കുടുംബം കൂടെ എന്റെ അതേ പോളിസിയിൽ അവരുടെ കൂടെ ഉണ്ടായിരുന്നു. അവർ രണ്ടു പേർ മാത്രം. കുട്ടികളില്ല. എന്റെ കൂടെ എന്റെ സന്താനവും..

ഒരു 5 മണിയോടെ ഞങ്ങൾ യാത്ര തിരിച്ചു. 25 മിനിറ്റുകൊണ്ട് എത്താവുന്ന ഒരു സ്ഥലത്താണു മീറ്റിങ്ങ്.. 15 മിനിറ്റ് സുഖകരമായ യാത്ര.. ചളമടിയും കുടുംബ വിശേഷങ്ങളും പരിചയപ്പെടലും ഒക്കെ ആയി അങ്ങനെ പോയി. ഞങ്ങൾ പോകുന്ന ദിശയിൽ നിന്ന് കാർമേഘങ്ങൾ ഉരുണ്ടുകൂടി വരുന്നു.. ഹൊ.. മഴ വരാൻ കണ്ട നേരം... മരുഭൂമിയിൽ വല്ലപ്പോഴും വരുന്ന ഈ മഴ രോഗങ്ങളും കൊണ്ടാണു വരുന്നതെന്നു എല്ലാർക്കും അറിയാം.. 3-4 മിനിറ്റുകൾക്കുള്ളിൽ ആ മേഘം ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാറിന്റെ മുകളിൽ എത്തി. മഴ പെയ്യുന്നില്ല.. ഇറാക്കിന്റെ ദിശയിൽ നിന്നാണു മേഘങ്ങൾ ഉദ്ഭവിക്കുന്നത്.. അപ്പൊ സംഭവം ഗൗരവതരം തന്നെ.. മേഘം ഒന്നും ആവാൻ വഴിയില്ല.. ഇനി അവിടെ വല്ല തീപ്പിടുത്തവും... ഏയ്.. അതാവില്ല.. ഇത് മറ്റവനാ.. പൊടിക്കാറ്റ്..

ചതിച്ചല്ലോ ദൈവമേ.. പാപി ചെന്നിടം പാതാളം എന്നു കേട്ടിട്ടേ ഉള്ളു.. ഇതിപ്പൊ.. സത്യം പറയാല്ലോ, ആദ്യം തന്നെ ദൈവത്തിനു നേരെ രൂക്ഷമായ ഒരു നോട്ടം മനസ്സിൽ നോക്കി.. ആറ്റ് നോറ്റ് ഒന്ന് പുറത്തിറങ്ങാനുള്ള അനുവാദം കിട്ടിയതാ.. എന്തായാലും പണി കിട്ടി. കെട്ട്യോനെ ഒന്നു വിളിച്ച് വിവരം പറയാമെന്നു വച്ചാൽ, ഔട്ട് ഗോയിങ്ങ് ഇല്ല. അത്യാവശ്യത്തിനു മാത്രം ഫോൺ ചെയ്താൽ മതി എന്നും, അപ്പൊ മാത്രം റീചാർജ്ജ് ചെയ്താൽ മതി എന്നും നിർദ്ദേശിച്ച് ഒരു കൂപ്പൺ തന്നിട്ടുണ്ട്.. ഒന്നര മാസമായി ഒരു അത്യാവശ്യവും വന്നില്ല.. ഇപ്പൊ.. റീച്ചാർജ്ജ് ചെയ്യണോ? ഇത് ഒരു അത്യാവശ്യ ഘട്ടം ആണെന്ന് കെട്ട്യോനും കൂടെ ബോധ്യമാക്കാൻ എന്നെക്കൊണ്ട് കഴിയുമോ? അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണു കാറ്റ് അടിച്ചു തുടങ്ങിയത്.. വെറും അടി അല്ല.. നല്ല ഡോൾബി ശബ്ദത്തോടെ.. മണൽ കാരിനു മുകളിൽ വന്ന് വീഴുന്ന ശബ്ദവും.. ചില്ലെല്ലാം കയറ്റി ഇട്ടിരുന്നെങ്കിലും കാറിന്റെ ഉള്ളിലും പൊടി.. മൂന്ന് പെണ്ണുങ്ങളിൽ രണ്ടാൾ പേടിച്ച് വിറച്ച് ഇരിപ്പായി..

“നിനക്ക് പേടി ഒന്നും ഇല്ലേ?”

“മുൻപിൽ ഇരിക്കുന്ന രണ്ട് ചേട്ടന്മാർക്ക് പേടി വരുന്നത് വരെ എനിക്ക് പേടിയേ ഇല്ല..”

ചേട്ടന്മാർ... “ഞങ്ങൾ പേടികൊണ്ടാണു മിണ്ടാൻ പറ്റാതെ ഇരിക്കുന്നത്”

ഇനി ഇപ്പോ റിചാർജ്ജ് ചെയ്യുന്നതിൽ തെറ്റില്ല.. ചെയ്തു. വിളിച്ചു പറഞ്ഞു. കെട്ട്യോൻ ആ ഗ്യാപ്പിൽ ഓഫീസിൽ പോയി.. കഷ്ടം.. ഒരു വെള്ളിയാഴ്ച കിട്ടിയിട്ട്, കിടന്നുറങ്ങാൻ നോക്കാതെ..

പിന്നെ പുറത്തേക്ക് നോക്കിയിട്ട് ഒന്നും കാണുന്നില്ല, റോഡ് ഏതാ, വണ്ടികൾ ഏതാ, മരം ഏതാ, ഫൂട് പാത്ത് ഏതാ.. മുന്നിൽ വണ്ടി ഉണ്ടോ ഇല്ലയോ.. ഒന്നും മനസ്സിലാവുന്നില്ല.. കാർ ഡെഡ് സ്ലോ ആയി പോയിക്കൊണ്ടിരിക്കുന്നു.. ഒരു റൗണ്ട് എബൌട്ട് കഴിഞ്ഞാൽ വലത്തോട്ട് പോണം.. പോലീസ് സ്റ്റേഷൻ കാണാം.. അതിന്റെ അടുത്താ മീറ്റിങ്ങ്.. എന്ത് റൗണ്ട് എബൗട്ട്? എന്ത് പോലീസ് സ്റ്റേഷൻ? ആകെ ഇരുട്ട്.. 5 മിനിറ്റുകൊണ്ട് എത്തേണ്ട സ്തലത്തേക്ക് ദൈവാധീനം കൊണ്ട് അര മണിക്കൂർ എടുത്തെങ്കിലും എത്തി...

അതിനു ശേഷം അറിഞ്ഞു, പല വണ്ടികളും പരസ്പരം കൂട്ടി ഇടിക്കുകയും ട്രാഫിക് ബ്ലോക്ക് ആകുകയും ചെയ്തെന്ന്.. വിമാനങ്ങൾ എല്ലാം ഡിലേ ചെയ്യിച്ചു, മൊബൈൽ സിഗ്നൽസ് ജാം ആയി.. അങ്ങനെ കുറെ വാർത്തകളും കേട്ടു..

എന്തായാലും, കെട്ട്യോൻ കൂടെ ഇല്ലാത്ത ആദ്യത്തെ യാത്ര ഗംഭീരമായി..

തിരിച്ചെത്താൻ 12 മണി ആയി.. അപ്പോഴേക്കും പൊടി അടങ്ങിയിരുന്നു..