Sunday, April 20, 2014

കാത്തുനില്‍പ്പ്

കാത്തുനില്‍പ്പ് ...

കമന്റ്  തൊഴിലാളി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഷെബിന്‍ എന്ന സുഹൃത്ത്  ഇട്ട ബാല്യകാല കഥകളില്‍ നിന്ന്‍ പ്രചോദനം കിട്ടി എഴുതുന്നതാണ് ഈ ഓര്‍മ്മക്കുറിപ്പ്..

കൂട്ടുകാരെ എല്ലാരേം ഒരുമിച്ചു കാണാം എന്ന ഒരു കാരണം കൊണ്ട് മാത്രം പരിപാടികള്‍ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടിക്കാലം. തൊട്ടടുത്ത വീട്ടിലെ ഒരു സദ്യക്ക് ക്ഷണം കിട്ടി. ഞാന്‍ തനിച്ചാണ് പോയത്. കൂട്ടുകാരുമൊത്ത് കളിയും ബഹളവും. വീട്ടുകാര്‍ക്ക് ശല്യം ആയിക്കാണും എന്നതില്‍ യാതൊരു സംശയവും ഇല്ല.

പെട്ടെന്ന്‍  എല്ലാരേം വിളിക്കല്‍ തുടങ്ങി.. വരൂ ഊണ് കഴിക്കാം.. എല്ലാരും വരൂ.. പോയില്ല. ജാഡ. എന്നെ ആരും വിളിച്ചില്ലല്ലോ!! കളി തുടര്‍ന്നു. അടുത്ത പന്തിക്ക് വിളി വന്നു.. പേര് വരെ എടുത്ത് വിളിച്ചു.. വാടീ.. കൂട്ടുകാര്‍ വിളിച്ചു. അടുത്തെനിരിക്കാം .. എന്‍റെ വാക്ക് അവര്‍ അംഗീകരിച്ചു. വീണ്ടും കളി തന്നെ കളി.. അടുത്ത പന്തിക്ക്  " പിള്ളേരെല്ലാം ഇരുന്നേ ".. എന്ന വിളി വന്നു. അപ്പോഴേക്കും കളിയുടെ മൂച്ചില്‍ ഭക്ഷണത്തിന്റെ കാര്യം ഞങ്ങള്‍ മറന്നുപോയി. മാറി നിന്ന ഞങ്ങളെ എല്ലാരേം പിടിച്ച് നിര്‍ബന്ധിച്ച് ഇരുത്തി.. ഇല വച്ചു. വിളമ്പി. പതിവ് പോലെ കായ വരുത്തതില്‍ കൈ വച്ചു. ഇലയില്‍ വിളംബിയിരിക്കുന്ന കറികള്‍ടെ മണം .. ആഹാ.. വിശപ്പ് പുറത്ത് ചാടി.. എന്നാല്‍ തുടങ്ങിയേക്കാം..കൂടെ ഇരിക്കുന്ന കൂട്ടുകാരെ എല്ലാരേം നോക്കി ചിരിച്ച് സന്തോഷിച്ച് ഇരിക്കുമ്പോള്‍ ആണ് പുറത്ത് നിന്ന്‍ ഒരു ടീം പെണ്ണുങ്ങള്‍  കടന്ന്‍ വന്നത്.. എല്ലാരും പരിചയക്കാര്‍. എല്ലാരേം നോക്കി ഇളിച്ച് കാട്ടി. അവര്‍ വന്ന്‍ തൊട്ടും തലോടിയും സുഖവിവരം ഒക്കെ അന്വേഷിച്ചു. ഇതിന്റെ ഇടയില്‍ ആതിഥേയര്‍ എത്തി. "ആരാ വന്നേക്കണേ.. ഊണാങ്കട് കഴിച്ചട്ടാവാം ബാക്കി. എല്ലാരും ഇരുന്നോളോ. " എല്ലാരും ഇരിക്കാന്‍ പുറപ്പെട്ടു. ഒരാള്‍ മാത്രം ഇരിക്കാന്‍ കസേര കാണാതെ ഒരു പോംവഴിയില്ലാതെ നില്‍പ്പായി.

അതെ. ചമ്മല്‍ മാറ്റാന്‍ ആതിഥേയ കണ്ടുപിടിച്ച ആള്‍.. ഞാന്‍ തന്നെ..
"എന്താ കുട്ട്യോളൊക്കെ ഇപ്പൊ ഇരിക്കണേ? കുട്ട്യെനീറ്റോളോ.. "
എന്നെ എണീപ്പിച്ചു വിട്ടു..

എന്‍റെ ചിരി മാഞ്ഞു.. ഇളി ആയി.. ഇളിഭ്യയായി ഞാന്‍ എണീറ്റു..

വന്ന ചേച്ചി "വേണ്ട,  കുട്ടി കഴിച്ചോട്ടെ " എന്ന്  ഇരുന്നതിനു ശേഷം രണ്ട് മൂന്നു തവണ പറഞ്ഞു..

അടുത്ത പന്തിക്ക് കാത്ത് നില്‍ക്കുമ്പോള്‍ (നാണം പണ്ടെ ഇല്ല.) എന്‍റെ കൂട്ടുകാര്‍ എല്ലാം  ഊണ് കഴിഞ്ഞ് എന്നെ കൂടാതെ  ബാക്കി കളിച്ച് തീര്‍ക്കുമല്ലോ എന്ന സങ്കടായിരുന്നു എനിക്ക്..


No comments: