Wednesday, November 5, 2014

യെസ്ബീ ട്രാവൽസ് ..

യെസ്ബീ ട്രാവൽസ് ..

വിഭാ യാദവ് - കുസാറ്റിൽ എന്റെ സീനിയർ ബാച്ചിൽ ഉണ്ടായിരുന്ന പെണ്‍കുട്ടി - പെണ്‍സിംഹം. എപ്പോഴും പാന്റും ടി ഷർട്ടും ഇട്ട്, മുടി ക്രോപ് ചെയ്ത്, കമ്മലും മാലയും വളയും ഒന്നും ഉപയോഗിക്കാത്ത വിഭയെ കണ്ടാൽ , വെളുത്തു മെലിഞ്ഞ ഒരു ക്യൂട്ട് പയ്യൻ നടന്ന് പോകുന്നതായേ തോന്നൂ .. ഹോസ്റ്റലിലെ 'മലയാളം മാത്രം സംസാരിക്കാനുള്ള മത്സരത്തിൽ ഒന്നാമത്തേയൊ രണ്ടാമത്തെയോ സ്ഥാനത്തേക്ക് "എനിക്കറിയില്ല " എന്ന ഒറ്റ വാക്കുകൊണ്ട് അവൾ എത്തിയിട്ടുണ്ട്.. ബൈക്കോടിക്കും .. ക്രിക്കറ്റ് കളിക്കും.. ഇതൊക്കെ പറഞ്ഞാലും മൃദുല ഹൃദയയും പാവവും ആണ് ഈ ഹിന്ദിക്കാരി ചേച്ചി.. (ചേച്ചീന്ന് വിളിച്ചാൽ കൊല്ലാൻ വരും..)

വിഭക്ക് അത്യാവശ്യമായി ബാംഗളൂരിൽ പോകണം.. എറണാകുളത്ത് , ജോസ് ജംഗ്ഷനിൽ ഉള്ള എയ്സ്ബീ ട്രാവൽസിൽ വിളിച്ച് ബുക്ക്‌ ചെയ്തു. അങ്ങോട്ട്‌ പോയി കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങണം.. അന്നവിടെ ഓണ്‍ലൈൻ പരിപാടികൾ തുടങ്ങിയിട്ടില്ല.... കേരളത്തിൽ ജനിച്ച് വളർന്ന എനിക്കേ എറണാകുളം പരിചയമില്ല.. പിന്നെ ആണ് നോർത്തിന്ത്യയിൽ നിന്ന് വന്ന വിഭ..

വിഭക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജൂനിയറും , ഞങ്ങളടെ ഇടയിലെ സൂപ്പർസ്റ്റാറും , സർവ്വോപരി എറണാകുളം പൂത്തോട്ടക്കാരിയും ആയ ; മലയാളം, ഹിന്ദി, പിന്നെ വേറെ കുറെ ഭാഷകളും അനർഗള നിർഗളമായി ഒഴുക്കുന്ന പ്രശാന്തിനിയെ ആണ് വിഭ ടിക്കറ്റ് വാങ്ങാൻ പോകാൻ കൂടെ കൂട്ടിയത്.. ഭാഷയും ഓക്കേ വഴിയും ഓക്കേ..

ജോസ് ജംഗ്ഷനിൽ ബസ്സിറങ്ങിയ അവർ ട്രാവൽസ് തപ്പി തലങ്ങും വിലങ്ങും നടന്നു.. യെവടെ??? കണ്ടില്ല..

വിഭ.. : "" അബേ.. ഓയ് .. പസൂ .. ഫോണ്‍ കർക്കേ പൂഛ്നാ ... ""

ഞങ്ങൾ സ്നേഹത്തോടെ "പ്രശൂ " എന്ന് വിളിക്കാറുള്ള പ്രശാന്തിനിയെ, വിഭ " അബേ.. ഓയ് .. പസൂ .." എന്നാണു വിളിക്കാറ് .. അവൾ തിരിച്ച് സ്നേഹവും ബഹുമാനവും നിറച്ച് "ക്യാ ഹെ വിഭാ " എന്നും..

രണ്ടാളും തൊട്ടടുത്ത് കണ്ട ബൂത്തിൽ കയറി.. റിസപ്ഷനിസ്റ്റിനു അഭിമുഖമായി ഉള്ള ചില്ലുകൂട്ടിൽ കയറി പ്രശു ഫോണ്‍ ചെയ്തു. വിഭ കാഴ്ച്ചക്കാരിയായി ചില്ലുകൂട്ടിനടുത്തുള്ള ചുമരിൽ ചാരി എല്ലാം കേട്ടും കണ്ടും ആസ്വദിച്ചു തുടങ്ങി.. അല്ലെങ്കിലും മലയാളത്തിൽ ഞങ്ങൾ കടിപിടി കൂടുന്നത് കണ്ടു പുഞ്ചിരിക്കൽ അവളുടെ ഒരു ശീലമാണു .. പ്രശു ഫോണ്‍ ചെയ്യുമ്പോൾ തന്നെ റിസപ്ഷനിസ്റ്റിനും ഒരു ഫോണ്‍ വന്നു.. രണ്ടും മലയാളം.. വിഭക്ക് തമാശയായി.. രണ്ടു പേരേയും മാറി മാറി നോക്കി വിഭ നിന്നു ..

ഫോണ്‍ ചെയ്ത പ്രശു ...

"യെസ്ബീ ട്രാവൽസല്ലേ ?"

"അതേ"

"ഇതെവിടെയാ? നിങ്ങൾ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ എത്തി.. കൃത്യമായി എവിടെയാ?"

"അവിടെ ഒരു ബൂത്ത് ഉണ്ട് ......
ഫോണിലൂടെ അഡ്രസ്‌ കേൽക്കുന്നതിനിടക്ക് പ്രശു റിസപ്ഷനിസ്റ്റിനെ ശ്രദ്ധിച്ചു.. ഫോണ്‍ പതുക്കെ മാറ്റി പിടിച്ചു.. ""ആ ചേട്ടൻ പറയുന്നത് തന്നെ അല്ലേ ഞാൻ ഈ ഫോണിൽ കേള്ക്കുന്നത്?? ദൈവമെ..... ചമ്മി... ഇത് തന്നെയാണല്ലോ ട്രാവൽസിന്റെ ഓഫീസ് .. !!!!""

വിഭക്കും കാര്യം പിടി കിട്ടി.. ഫോണ്‍ വച്ച് പുറത്തിറങ്ങിയ പ്രശുവിനു ചിരിയടക്കാൻ പറ്റിയില്ല.. ടിക്കറ്റ് വാങ്ങി പുറത്തിറങ്ങിയിട്ടും ചമ്മൽ മാറിയില്ല.. ചിരിയും.. വഴിയോരത്ത് നിന്നിരുന്ന ഒരാൾ ഒരു ലോട്ടറി ടിക്കറ്റ് നീട്ടി. പ്രശു ചിരിച്ച് ചിരിച്ച് അതും വാങ്ങി മുന്നോട്ട് നടന്നു.. അയാൾ പിന്നാലെ വന്ന് കാശ് ചോദിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്.. പിന്നൊരാഴ്ചക്ക് പ്രശൂനു ഹൊസ്റ്റലിൽ ആഘോഷം ആയിരുന്നു..

1 comment:

Anonymous said...

കലക്കി :)