Wednesday, December 13, 2006

മച്ചു

“മച്ചു“

ബിരുദാനന്തര ബിരുദ പഠനത്തിനിടെ, വിരസത മാറ്റാന്‍ സുഹൃത്തുക്കളെ അവരുടെ ഹോസ്റ്റലില്‍ പോയി സന്ദര്‍ശ്ശിക്കല്‍ ഞാന്‍ ശീലമാക്കിയിരുന്നു. [പിന്നീട്‌ ഞാനും ആ ഹോസ്റ്റലില്‍ ഒരു അന്തേവാസി ആയി. മുഴുവന്‍ സമയ ഉല്ലാസം.:-)]

അതുവരെ തൃശ്ശൂര്‍ക്കാരെ മാത്രം കാണുകയും, തൃശ്ശൂര്‍ ഭാഷ മാത്രം കേള്‍ക്കുകയും പറയുകയും ചെയ്തിരുന്ന എനിക്ക്‌; ഹിന്ദി, ആംഗലേയം, പലവിധ മലയാളം എന്നീ ഭാഷകള്‍ സംസാരിക്കുന്നവരുമായി അടുത്തിടപഴകേണ്ട അവസരങ്ങള്‍ ഇവിടെ ഉണ്ടായി. എന്റെ പുതിയ കൂട്ടുകാരികള്‍ക്ക്‌ എന്റെ മലയാളം മനസ്സിലാവാന്‍ അല്‍പസ്വല്‍പ്പം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഞാന്‍ വളരെ ഗൗരവത്തോടെ പറയുന്ന പലതും തമാശയായി രൂപാന്തരപ്പെടുകയും അങ്ങനെ ഞാന്‍ ഒരു തമാശക്കാരി ആവുകയും ചെയ്തു. (ഞാന്‍ തമാശയായി ചെയ്തതും പറഞ്ഞതും പലപ്പൊഴും ശണ്ഠയില്‍ അവസാനിച്ചിട്ടും ഉണ്ട്‌.)

തൃശ്ശൂര്‍ ഭാഷയിലെ "മച്ചൂ" എന്ന വിളി എന്റെ നാവില്‍ തങ്ങി നിന്നിരുന്നു. എല്ലാ മലയാളി സുഹൃത്തുക്കളേയും, ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ, "മച്ചൂ" എന്നാണ്‌ ഞാന്‍ വിളിച്ചിരുന്നത്‌. എന്റെ സഹപാഠി ആയ (പിന്നീട്‌ സഹമുറിയത്തി ആയ) ലക്ഷ്മിയെ കാണാന്‍ ഒരു ദിവസം ഞാന്‍ ഹോസ്റ്റലില്‍ പോയി. "ലച്ചൂ" എന്നാണ്‌ അവളെ എല്ലാവരും വിളിക്കാറുള്ളത്‌. എല്ലാവരേയും വിളിക്കുന്ന പോലെ, അവളെയും ഞാന്‍ "മച്ചൂ" എന്നു സംബോധന ചെയ്ത്‌ സംസാരിച്ചു തുടങ്ങി. അവളുടെ മുഖം മങ്ങി. തീരെ താല്‍പര്യം ഇല്ലാത്ത വിധത്തില്‍ അവള്‍ സംസാരിച്ചു. അല്‍പ്പസമയത്തിനു ശേഷം, ദുഖം നിറഞ്ഞ ശബ്ദത്തോടെ അവള്‍ എന്നോട്‌ ഇങ്ങനെ ചോദിച്ചു.

'നീ എന്നെ "മച്ചൂ" എന്ന് വിളിച്ചില്ലേ? അതിന്റെ അര്‍ഥം "മന്ദബുദ്ധി ലച്ചൂ" എന്നല്ലേ?'

അവള്‍ക്ക്‌ ഒരു 'മന്ദബുദ്ധി' പരിവേഷം അവിടെ ഉണ്ടെന്ന വിവരം ഞാന്‍ അപ്പോഴാണ്‌ മനസ്സിലാക്കിയത്‌. ഇത്രയും ബുദ്ധിപരമായി ചിന്തിച്ച്‌ 'മച്ചൂ' എന്നതിന്‌ ഇത്തരത്തില്‍ ഒരു പൂര്‍ണ്ണരൂപം കണ്ടുപിടിച്ച ഇവളെ, ആരെടാ 'മന്ദബുദ്ധീ' എന്ന് പറയുന്നത്‌ എന്ന് ചിന്തിച്ച്‌ 'വാ' അടക്കാന്‍ ആവാതെ ഞാന്‍ അവിടെ ഇരുന്നു.

പിന്നീട്‌ എനിക്ക്‌ ആരെയും "മച്ചൂ" എന്ന് വിളിക്കെണ്ടി വന്നിട്ടില്ല. അതു അവളുടെ മാത്രം പേരാവാന്‍ അധിക സമയവും വേണ്ടി വന്നില്ല.

12 comments:

Siju | സിജു said...

ഗുണ്ടൂസിനു സ്വാഗതം
മച്ചൂന്നുള്ളതെപ്പോഴാ ത്ര്‌ശ്ശൂര്‍ക്കാരുടേതായത്, അതു ഞങ്ങള്‍ കൊച്ചീക്കാരുടേതാ

മുല്ലപ്പൂ said...

മച്ചുന്റെ കൂട്ടുകാരിക്ക് സ്വാഗതം

സുല്‍ |Sul said...

ഹേയ് ഗുണ്ടൂസ്, ആപ്കോ ബൂലോക് മേം സ്വാഗത് ഹൈ (ആ....)

എഴുത്തിഷ്ടായി.

മച്ചു ആരുടെയാ. ഇടിയാണൊ ഗഡി?

-സുല്‍

Sreejith K. said...

പാവം ലച്ചു. അവളോട് ഈ ചതി വേണ്ടായിരുന്നു. ഗുണ്ടൂസിന്റെ വരവ് തന്നെ പാരയോടെ ആണല്ലോ. ദൈവമേ, ഒന്ന് സിമ്പ്ലി പേടിക്കണോ ഞങ്ങള്‍.

--ശ്രീജിത്ത് കെ

ഗുണ്ടൂസ് said...

സിജു ചേട്ടാ, നന്ദി. ഞാന്‍ കൊച്ചി കാണുന്നതിന് മുന്‍പെ എന്റെ ഭാഷയില്‍ മച്ചു വന്നു.

നന്ദി മുല്ലാ.

സുല്‍, ധന്യവാദ്. ഗഡി പറഞ്ഞത് എനിക്ക് പിടി കിട്ടിയില്ലല്ലോ :(
മച്ചു ആരുടെയോ ആയിക്കോട്ടെ, ഞാന്‍ “മാഷ്” ലേയ്ക്കു മാറി. :)

ശ്രീ, പാര പ്രതീക്ഷിക്കാം. :) ശ്രീയുടെ ലീലാവിലാസങ്ങളും വരും.

--ഗുണ്ടൂസ്.

sreeni sreedharan said...

സ്വാഗതം മച്ചൂ...
:)

കിരണ്‍സ്..!! said...

തിര്‍വന്തോരത്ത് കോളജ് ഹോസ്റ്റലില്‍ പഠിക്കുമ്പോള്‍ ആണ് മച്ചു കൂടുതലായി ഉപയോഗിച്ചത്.തിരുവന്തോരം ഭാഷയിലെ യെന്തിരപ്പീ പോലത്തെ ഒരു സംഭവം തന്നെയാണെന്ന് വിചാരിച്ചിരുന്നു.ഇപ്പോ ദേ കേരളം മുഴുവന്‍ മച്ചു വിളികള്‍.ബംഗളൂരു വന്നപ്പോ ഇവിടെ മച്ചാനും :)

സ്വാഗതം ഗുണ്ടൂസ്..:)

ഗുണ്ടൂസ് said...

പച്ചാളം, kiranz, നന്ദി.

ചെന്നൈയില്‍ അത് “മച്ചീ” എന്നാണ്‌.

--ഗുണ്ടൂസ്

വല്യമ്മായി said...

സ്വാഗതം

Shaiju Rajendran said...

ഈ ആഴ്ചയില്‍ വായിച്ചതില്‍ ഏറ്റവും ചിരിപ്പിച്ച പോസ്റ്റ്‌!!!

Anonymous said...

കലക്കീട്ട്ണ്ട് ട്ടാ!

https://www.facebook.com/groups/259645197531135/ ഈ ഗ്രൂപ്പില് ങ്ങടെ എഴുത്ത് കണ്ട്ട്ടാ ഇവടെ വരാന്‍ തോന്ന്യേ! എ ഗ്രൂപ്പിലീക് ഒന്ന് വന്നു നോക്കിക്കൂടെ?

ഗുണ്ടൂസ് said...

ഞാന്‍ അവിടെ ഉണ്ട് ..