Monday, January 29, 2007

പരോപകാരമേ പുണ്യം, പാപമേ പര പീഢനം.

പരോപകാരമേ പുണ്യം, പാപമേ പര പീഢനം.

കുസാറ്റിലെ പഠനകാലം. വെള്ളിയാഴ്ചകളില്‍ ഹൊറ്റ്സ്റ്റലില്‍ നിന്ന് വീട്ടിലേക്കും, തിങ്കളാഴ്ചകളില്‍ വീട്ടില്‍ നിന്നു ഹൊസ്റ്റലിലേക്കും വരും. മിക്കവാറും ട്രെയിനില്‍ ആണ്‌ യാത്ര. ചില അത്യാവശ്യ ഘട്ടങ്ങളില്‍ ബസ്സിലും. ആനവണ്ടിയില്‍..

ഒരു തിങ്കളാഴ്ച, ഞാന്‍ വീട്ടില്‍ നിന്നും കുസാറ്റിലേക്കു പോകാന്‍ ഒരുങ്ങി. ട്രെയിന്‍ കിട്ടിയില്ല. ക്ലാസ്സ്‌ ഉച്ചക്കേ ഉള്ളൂ. നമ്മുടെ ഫാസ്റ്റ്‌ പാസ്സഞ്ചര്‍ ഉള്ളപ്പോള്‍, എന്തിനു വേറൊരു ആലപ്പി എന്ന് വിചാരിച്ച്‌ ബസ്സ്‌ സ്റ്റാന്റില്‍ എത്തി.

പതിവുപോലെ, വണ്ടി വന്നതും ഞാന്‍ ചാടി കയറി, സൈഡ്‌ സീറ്റില്‍ ഇരിപ്പായി. ടിക്കറ്റ്‌ എടുത്തതിനു ശേഷം പതിവുപോലെ ഞാന്‍ ഉറക്കം ആരംഭിച്ചു.

ചാലക്കുടി സ്റ്റാന്റിലേക്ക്‌ വണ്ടി കയറിയതിന്റെ കുലുക്കത്തില്‍ ഞാനുണര്‍ന്നു. പുറപ്പെടുമ്പൊള്‍ കാലിയായിരുന്ന വണ്ടിയില്‍ ഇപ്പോള്‍ നല്ല തിരക്കാണ്‌. ഞാന്‍ പകുതി ഉറക്കത്തില്‍ ആയിരുന്നു. ഒരു സ്ത്രീ കുട്ടിയെ എടുത്ത്‌ നില്‍ക്കുന്നു. ആ തിരക്കില്‍ ഞാന്‍ എഴുന്നേറ്റു സീറ്റ്‌ കൊടുത്താല്‍ കുസാറ്റില്‍ എത്തുമ്പോഴെക്കും ഞാന്‍ ഒരു വിധം ആകും. എന്നാലും എന്റെ ഉള്ളിലെ പരോപകാരി ഉണര്‍ന്നെണീറ്റു. ഞാന്‍ ആ കുട്ടിയെ വാങ്ങി മടിയില്‍ വച്ചു.

വീണ്ടും ഉറക്കത്തിലേക്ക്‌. ആങ്കമാലി ആയപ്പോള്‍ എന്തോ ഒരു അസഹ്യമായ ദുര്‍ഗന്ധത്തിനാല്‍ ഞാന്‍ ഉണര്‍ന്നു. ബസ്സ്‌ സ്റ്റാന്റിലെ ദുര്‍ഗന്ധമായിരിക്കും!! അടുത്തിരുന്ന ചേച്ചിയെ ഞാന്‍ നോക്കി. തിരക്കുമൂലം എന്റെ മേല്‍ ചാരി എന്നെ ശ്വാസം മുട്ടിച്ചിരുന്ന ആ ചേച്ചി, ഇപ്പോള്‍, നല്ല ബഹുമാനത്തോടെ അല്‍പ്പം അകന്ന്, എന്നെ തൊടാതെ ഇരുന്നിരുന്നു. അവരുടെ മുഖത്തും ആ ദുര്‍ഗന്ധതിന്റെ പ്രതിഫലനം ഉണ്ടായിരുന്നു.

വീണ്ടും മയങ്ങാന്‍ എന്നെ ആ ദുര്‍ഗന്ധം അനുവദിച്ചില്ല. ബസ്സിലെ തിരക്ക്‌ അല്‍പ്പം കുറഞ്ഞിരിക്കുന്നു. ഈ കുട്ടിയെ തന്ന സ്ത്രീ എവിടെ? കാണുന്നില്ല. അവര്‍ക്ക്‌ സീറ്റ്‌ കിട്ടിക്കാണും. തിരിഞ്ഞു നോക്കി. അവര്‍ അവിടെ ഉണ്ട്‌. ഭാഗ്യം. :-)

ഞാന്‍ ആ സ്ത്രീയെ അപ്പൊഴാണ്‌ ഒന്നു സൂക്ഷിച്ച്‌ നോക്കിയത്‌. അവരുടെ മുടി പാറിപ്പറന്ന് കിടക്കുന്നുണ്ടൊ? ഛെ ഛേ. ബസ്സിലെ തിരക്കില്‍ പെട്ടതാവും. അവരുടെ സാരി കീറിയിട്ടുണ്ടല്ലോ? ബ്ലൗസിന്‌ ചിലയിടങ്ങളില്‍ നിറവ്യത്യാസം. ഏച്ച്‌ കൂട്ടിയിട്ടുണ്ടൊ? ഏയ്‌. ഉറക്കത്തില്‍ എനിക്ക്‌ തോന്നിയതാവും. അവര്‍ എന്നെ നോക്കി ചിരിച്ചു. "ബെസ്റ്റ്‌ പല്ല്" ഞാന്‍ മനസ്സില്‍ ഓര്‍ത്തു. "മാസത്തില്‍ ഒരിക്കലെങ്കിലും പല്ല് തേച്ചുകൂടെ? ഹൊ!!"

ഞാന്‍ തലതിരിച്ച്‌ എന്റെ മടിയില്‍ ഇരിക്കുന്ന കുട്ടിയെ നോക്കി. ചെമ്പന്‍ മുടി. മുടിക്ക്‌ ചേരും വിധത്തില്‍ ഒരു ഷര്‍ട്ടും ട്രൗസറും. എന്റെ മേത്ത്‌ ചാരിക്കിടന്ന് അതുറങ്ങുന്നു. ഞാന്‍ ഇട്ടിരുന്ന ഷാളിന്‌ ഒരു നിറവ്യത്യാസം പോലെ. ഞാന്‍ കണ്ണ്‍ തുടച്ച്‌ നല്ലോണം നോക്കി. അവിടെ ചെളി പുരണ്ടിരിക്കുന്നു. ഞാന്‍ പതുക്കെ ആ കുട്ടിയുടെ തലയിലേക്ക്‌ ഒന്ന് കൂടെ നോക്കി. ആ ചെമ്പന്‍ തലമുടിക്കുള്ളില്‍ എണ്ണയോടൊപ്പം അഴുക്കും ക്ഷുദ്രജീവികളെയും ഞാന്‍ കണ്ടു. ആ ദുര്‍ഗന്ധം എവിടെനിന്നാണെന്ന് എനിക്ക്‌ മനസ്സിലായി. കുട്ടിയെ ഞാന്‍ ആ സ്തീയ്ക്ക്‌ തിരിച്ച്‌ കൊടുത്തു.

കുസാറ്റിലേക്ക്‌ ആലുവയില്‍ നിന്ന് ബസ്സിലാണ്‌ ഞാ‍ന്‍ ‍പോയത്‌. ആരുടെയും അടുത്ത്‌ ചെന്നിരിക്കാതെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഹോസ്റ്റലില്‍ എത്തി, എല്ലാര്‍ക്കും ഈ കഥ വിവരിച്ച്‌ കൊടുത്തു. തദ്ഫലമായി നമ്മുടെ "മച്ചു" എന്നെ റൂമില്‍ നിന്ന് പുറത്താക്കുകയും, ഡ്രസ്സ്‌ മാറി, ഇട്ട ചുരിദാര്‍ കഴുകി ഇടുന്നതുവരെ എന്നോട്‌ സംസാരിക്കാതിരിക്കുകയും ചെയ്തു.

പരോപകാരം ചെയ്ത്‌ സ്വയം പീഢനം അനുഭവിച്ച ഒരു ദിവസമായിരുന്നു അത്‌.

ഇതൊരു തുടക്കം മാത്രം ആണെന്നു ഞാനറിഞ്ഞില്ലായിരുന്നു...

8 comments:

രാജീവ്::rajeev said...

നാറ്റത്തിന്റെ ഉറവിടം കുട്ടിയായിരിക്കുമെന്ന് ഊഹിച്ചിരുന്നെങ്കിലും, പെട്ടെന്നാണ് നാറ്റം അനുഭവപ്പെട്ടത് എന്നതിനാല്‍ ഷാളില്‍ പുരണ്ടിരിക്കുന്ന ചളിയുടെ നിറത്തെ പറ്റി ആദ്യം എനിക്കൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായി, പ്രതീക്ഷിച്ച പോലെ സംഭവിക്കാഞ്ഞതില്‍ ചെറിയൊരു വിഷമവും :).

പിന്നെ അതൊരു തുടക്കം മാത്രം ആയിരുന്നു അല്ലെ. അപ്പൊ പിന്നെ ബാക്കികൂടെ പോരട്ടെ.

Unknown said...

ഹ ഹ! കൊള്ളാം കൊള്ളാം. ഈ ടൈപ്പ് പരോപകരങ്ങള്‍ ഇനിയുമുണ്ടെന്നല്ലേ പറഞ്ഞത്. പോരട്ടെ എല്ലാം. :-)

വേണു venu said...

ഗുണ്ടൂസ്സെ,
ഇതും പരോപകാരം തന്നെ അല്ലെ. അല്പം പുണ്യം കൂടുതല്‍ കിട്ടുമെന്നു് കൂട്ടിയ്ക്കോ.

ഉത്സവം : Ulsavam said...

ഹ ഹ ഹ ഇതൊക്കെയാണ്‍ ഗുണ്ടൂസേ പുണ്യം അപ്പോള്‍ തന്നെ കിട്ടുന്ന പരോപകാരങ്ങള്‍.!

Siju | സിജു said...

അപ്പോ ഇത്തരത്തില്‍ കുറെ പുണ്യം കിട്ടിയിട്ടുണ്ടല്ലേ..
പുണ്യം സീരിസ് പോരട്ടെ

സു | Su said...

അതൊന്നും സാരമില്ല ഗുണ്ടൂസേ :) ഉപകാരം ചെയ്തപ്പോള്‍ അവരുടെ മനസ്സില്‍ നിന്നൊരു നന്ദി കിട്ടിയിട്ടുണ്ടാകും. അത് പോരേ?

G.MANU said...

ഇതു വായിച്ചപ്പോളാണു ഞാന്‍ ചെയ്ത ഒരു പരോപകാരത്തിണ്റ്റെ കഥ ഓറ്‍മ്മ വന്നത്‌. കയില്‍ കെട്ടുമായീ നിന്ന ഒരു അപരിചതനു ബൈക്കില്‍ ലിഫ്റ്റ്‌ കൊടുത്തതും വിജന വഴിയില്‍ വച്ചു അവന്‍ എന്നെ തള്ളിയിട്ടു ഉപദ്രവിച്ചു പേഴ്സ്‌ കാലിയാക്കി അടിതന്നു വിട്ടതും...

Shaiju Rajendran said...

ചിരിച്ചു. അടുത്ത പരോപകാരക്കഥ എവിടെയാണ് എഴുതിയിരിക്കുന്നത്??? എന്നാലും മച്ചു ഇത്രയും കടുത്ത നടപടി സ്വീകരിച്ചു കളഞ്ഞല്ലോ...!!!